കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപക നിയമനങ്ങൾക്ക് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. വുഡ് സയൻസ് ആൻഡ് ടെക്നോളജി, സുവോളജി, മാനേജ്മെന്റ് സ്റ്റഡീസ്, കെമിസ്ട്രി അധ്യാപക നിയമനങ്ങൾക്കാണ് അംഗീകാരം. പഠനവകുപ്പിലെ ഒരധ്യാപകന്റെയും അഫിലിയേറ്റഡ് കോളേജുകളിലെ പത്ത് അധ്യാപകരുടെയും സ്ഥാനക്കയറ്റങ്ങൾക്കും അംഗീകാരമായി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷം അഞ്ച് ശതമാനം വാർഷിക ഫീസ് വർധനവിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രൊജക്ട് പൂർത്തീകരിക്കാൻ സഹായിയെവയ്ക്കുന്നതിന് സൂപ്പർവൈസിംഗ് അധ്യാപകർക്ക് പൂർണാധികാരം നൽകും. ഇതിന് പരീക്ഷാ കൺട്രോളറുടെ മുൻകൂർ അനുമതി എടുക്കണം.

വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷാ നടത്തിപ്പിന് കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രത്യേക റമ്യൂണറേഷൻ നൽകും. ചീഫ് സൂപ്രണ്ട് 600 രൂപ, ഇൻവിജിലേറ്റർ 500 രൂപ, ക്ലാർക്ക് 400 രൂപ, അക്കൗണ്ടന്റ് 350 രൂപ, സ്വീപ്പർമാർ 325 രൂപ എന്നിങ്ങനെ പ്രതിദിന നിരക്കിൽ നൽകാൻ തീരുമാനിച്ചു. ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഓരോ കോളേജിനും 6000 രൂപ അനുവദിച്ചു.

കൊവിഡാനന്തര കാലത്തെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാനായി കേരള സർക്കാർ നിയോഗിച്ച ഡോ. ബി. ഇക്ബാൽ കമ്മിറ്റി റിപ്പോർട്ട് സർവകലാശാലയിൽ നടപ്പാക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഡീൻമാരായ മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തി.

കഴിഞ്ഞ അധ്യയന വർഷത്തെ അവശേഷിക്കുന്ന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് വേണ്ടി അധ്യാപക-വിദ്യാർത്ഥി സംഘടാനാ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും

വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു..