പയ്യന്നൂർ: നഗരസഭയേയും രാമന്തളി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കൊറ്റി -ചൂളക്കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമ്മാണത്തിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. നഗരസഭയിൽപ്പെടുന്ന കൊറ്റി ഭാഗത്ത് പാലം നിർമ്മാണത്തിനും അപ്രോച്ച് റോഡിനുമായി 42 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഭൂമി ഏറ്റെടുക്കാൻ വേണ്ടി വരുന്ന തുകയായ 1.64 കോടി രൂപ കൂടി ചേർത്ത് മൊത്തം 18.46 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. രാമന്തളി ഗ്രാമപഞ്ചായത്തിൽ വരുന്ന ചൂളക്കടവ് ഭാഗത്ത് പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സർക്കാർ പുറംപോക്ക് ഭൂമി നിലവിലുണ്ട്. 228 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.
സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി സി. കൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസിലെ തഹസീൽദാർ രാജൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ കമലാക്ഷൻ, അസിസ്റ്റന്റ് എൻജിനീയർ രാഗം എന്നിവർ സ്ഥലം സന്ദർശിച്ചു.
യാത്രാപ്രശ്നത്തിന് പരിഹാരം
പാലം നിർമ്മാണം പൂർത്തിയായാൽ രാമന്തളി വടക്കുമ്പാട് നിവാസികൾക്ക് എളുപ്പത്തിൽ പയ്യന്നൂർ ടൗണിലും റെയിൽവേ സ്റ്റേഷനിലും എത്തിച്ചേരുവാൻ കഴിയും. നിലവിൽ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ് രാമന്തളി വടക്കുമ്പാടു നിവാസികൾ പയ്യന്നൂരിൽ എത്തുന്നത്. പയ്യന്നൂരിൽ ഉള്ളവർക്ക് വടക്കുമ്പാട് എത്തുവാനും ഇത് മാത്രമാണ് വഴിയുള്ളത്.
പണ്ട് ഇവിടെയുള്ളവർ പയ്യന്നൂരും രാമന്തളി വടക്കുമ്പാടും എത്തുവാൻ കടത്തു തോണിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കാലക്രമേണ വാഹന സൗകര്യം വർദ്ധിച്ചതോടെ കടത്തു തോണി സർവ്വീസ് നിലക്കുകയായിരുന്നു.