485 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

കാസർകോട്: മാർച്ച്, മേയ് മാസങ്ങളിലായി നടത്തിയ പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയുടെ വിജയ ശതമാനം 78.68 ആണ്. 485 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിലെ 106 വിദ്യാലയങ്ങളിലെ 11,574 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയിൽ 14,865 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 14,711 വിദ്യാർത്ഥികൾകളാണ് പരീക്ഷയ്ക്ക് ഹാജരായത്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിലെ ജില്ലയിലെ വിജയ ശതമാനം 50.64 ആണ്.1730 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 1643 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാവുകയും 832 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

3 വിദ്യാലയങ്ങൾക്ക് 100 ശതമാനം വിജയം

ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങൾ 100 ശതമാനം കരസ്ഥമാക്കി. കാസർകോട് മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡഫ്, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ എച്ച്.എസ്.എസ്, കുനിൽ എഡ്യൂക്കേഷൻ ട്രസ്റ്റ് എച്ച്.എസ്.എസ് കാസർകോട് എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾ.