കാസർകോട് : കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ കളക്ടർ ഡോ. ഡി .സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് കോർകമ്മിറ്റയോഗത്തിൽ തീരുമാനം.
ഇതുപ്രകാരം ജില്ലയിലെ കടകൾ ഇന്ന് മുതൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാൻ അനുവദിക്കു. കുമ്പള മുതൽ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി നിശ്ചയിച്ചു.രോഗികൾ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാകും അനുമതി . കണ്ടെയിൻമെന്റ് സോണുകളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങൾ മുഴുവൻ ഓൺലൈനായി മാത്രമേ നൽകാവു. കണ്ടയിൻമെന്റ് സോണുകളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ഔദ്യോഗികയോഗങ്ങളില്ല
സർക്കാർ ഓഫീസുകളിൽ നടത്തുന്ന എല്ലായോഗങ്ങളും 14 ദിവസത്തേക്ക് നിർത്തി വെക്കുന്നതിന് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിങ്ങ് ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തിവെച്ചു.
നാളെ മുതൽ പൊതുഗതാഗത നിയന്ത്രണം
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17നാളെ മുതൽ ജില്ലയിൽ കാസർകോട് മുതൽ കാലിക്കടവ് വരെ ദേശീയപാതയിൽ പൊതുഗതാഗതം നിർത്തി വെയ്ക്കാനും തിരുമാനിച്ചു. കെ .എസ് .ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ സർവീസ് നടത്തരുത്. കർണ്ണാടകയിൽ നിന്ന് ജില്ലയലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല പഴം, പച്ചക്കറി വാഹനങ്ങൾ ജൂലായ് 31 വരെ കർണ്ണാടകയിൽ നിന്ന് ജില്ലയിലേക്ക് വാഹനങ്ങൾക്ക് പ്രവേശന അനുമതി നൽകില്ല. ഡെയ്ലി പാസും നിർത്തലാക്കി കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി വാഹനങ്ങൾ നിയന്ത്രിച്ചതോടെ ജില്ലയിൽ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ കൃഷി വകുപ്പ് മുഖേന കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തും.