കണ്ണൂർ: സ്വർണക്കടത്ത് വാർത്തകൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുമ്പോഴും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കടത്ത് അയവില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി ഇവിടെ സ്വർണക്കടത്ത് ആവർത്തിക്കുകയാണ്. ഇന്നലെയും വൻ സ്വർണ ശേഖരം പിടികൂടിയിരുന്നു. കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻസംഘമാണ് കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് അധികൃതർക്ക് ലഭിച്ച സൂചന.

കള്ളക്കടത്തിനായി വിദേശത്തേക്ക് പുറപ്പെടുകയും ലോക്ക്ഡൗണിൽ കുടുങ്ങുകയും ചെയ്ത കാരിയർമാരെയും നിയന്ത്രിക്കുന്നത് കാസർകോട് സംഘമാണെന്ന വിവരമാണ് കസ്റ്റംസിന് ലഭിച്ചത്. ചാർട്ടേഡ് വിമാനത്തിലെത്തുന്ന യാത്രക്കാർക്കിടയിലാണ് കാരിയർമാരും ഉൾപ്പെട്ടതെന്നു വിവിധ കേന്ദ്രസർക്കാർ ഏജൻസികളും വിലയിരുത്തുന്നു.

ഒരാഴ്ചത്തെ ആവശ്യത്തിനായി എത്തിച്ച കാരിയർമാർ ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളോളം വിദേശത്ത് കുടുങ്ങി. ഇക്കാലയളവിലെ എല്ലാ ചെലവുകളും വഹിച്ചത് കള്ളക്കടത്ത് സംഘങ്ങളാണ്. ഇവർക്ക് കാസർകോട് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. സാധാരണയിലും കൂടുതൽ അളവ് സ്വർണംകൊടുത്തുവിട്ട് ഈ നഷ്ടം നികത്താനാണ് മാഫിയ ലക്ഷ്യമിട്ടത്.

ഒരാഴ്ചത്തെ സന്ദർശനത്തിനാണ് മാഫിയ യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോവുന്നത്. ഇപ്രകാരം കൊണ്ടുപോവുന്ന യുവാക്കൾക്ക് അവിടെ താമസസൗകര്യവും മറ്റു സുഖസൗകര്യങ്ങളും നൽകും. തിരിച്ചുപോരുന്നതിനിടെ കൈയിൽ ബാഗുകൾ നൽകുകയാണ് പതിവ്. ഈ ബാഗിലുള്ള വസ്തുക്കളിൽ ഏതെങ്കിലും രീതിയിൽ സ്വർണം ഒളിപ്പിച്ചുവയ്ക്കും. സ്വർണം ഒളിപ്പിച്ചുവയ്ക്കുന്നത് എവിടെയാണെന്നത് കൊണ്ടുവരുന്ന കാരിയർമാരായ യുവാക്കൾ അറിയില്ല. ഈ രീതിയായിരുന്നു വർഷങ്ങളായി തുടർന്നു പോന്നിരുന്നത്.

കഴിഞ്ഞ ആഗസ്റ്റിൽ കണ്ണൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരെ രക്ഷിക്കാനുള്ള നീക്കത്തിനിടയിൽ അന്വേഷണം പാതിവഴിയിലാകുകയായിരുന്നു. സംഘത്തിലെ പ്രമുഖരുമായി ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധമാണ് ഇതിനു പിന്നിലെന്ന് ആരോപണമുയർന്നിരുന്നു.

അന്നത്തെ സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഹുൽ പണ്ഡിറ്റ് പിടിയിലായതോടെയാണ് അന്വേഷണം തുടങ്ങിയത്. രാഹുലിന്റെ മൊഴിയെ തുടർന്ന് മൂന്നു പേർ കൂടി പിടിയിലായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്വർണക്കടത്തു സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ദുബായിൽ നിന്നാണ് വിവരങ്ങൾ കൃത്യമായി എത്തുന്നതെന്നും കണ്ടെത്തിയിരുന്നു


വല വിരിച്ച് കസ്റ്റംസ്

സ്വപ്ന സുരേഷിന്റെ സ്വർണക്കടത്ത് വിവാദമായ സാഹചര്യത്തിൽ കണ്ണൂരിലെ സ്വർണക്കടത്തിൽ പരിശോധന ശക്തമാക്കാൻ തന്നെയാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. വിമാനമിറങ്ങുന്നവരുടെ ശരീരഭാഷയിൽ പ്രത്യേകത കണ്ടെത്തിയാൽ അത്തരക്കാരെ പ്രത്യേകം പരിശോധിക്കും. സ്വർണക്കടത്ത് പരിശോധന കണ്ണൂർ വിമാനത്താവളത്തിൽ കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 12ന് ഒരു കോടി 24 ലക്ഷം രൂപ മതിക്കുന്ന രണ്ടരക്കിലോ സ്വർണം പിടികൂടിയ കേസിൽ മുഖ്യകണ്ണികളെ പിടികൂടാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. ദുബായിൽ നിന്ന് എത്തിയ ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് അന്ന് സ്വർണം പിടികൂടിയത്. ഇതിനു പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.