കണ്ണൂർ: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾ കീം (കേരള എൻജിനീയറിംഗ് ആർക്കിട്ടെക്ക്ച്ചർ മെഡിക്കൽ എൻട്രൻസ് എക്സാമിനേഷൻ ) പരീക്ഷയെഴുതി. ജില്ലയിലെ 24 കേന്ദ്രങ്ങളിലായി 8400 ൽ അധികം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയെഴുതിയത്. രാവിലെ പത്ത് മുതൽ പന്ത്രണ്ടര വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയുമായിരുന്നു പരീക്ഷ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പരീക്ഷകൾ നടന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സ്ഥിതി നിരീക്ഷിക്കാൻ പൊലീസ് സജ്ജമായിരുന്നു.
പരീക്ഷയ്ക്ക് മുമ്പും ശേഷവും ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം പരീക്ഷാ കേന്ദ്രങ്ങളും കവാടവും വരാന്തയുമെല്ലാം അണുവിമുക്തമാക്കി. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് കടത്തി വിട്ടത്. ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓരോ കേന്ദ്രത്തിലും മൂന്ന് വീതം വളണ്ടിയർമാരുണ്ടായിരുന്നു.
ഒരു ക്ലാസ് മുറിയിൽ 20 കുട്ടികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌കും ഗ്ലൗസും നൽകി. കഴിഞ്ഞ തവണത്തേക്കാൾ വിദ്യാർത്ഥികളും സെന്ററുകളും ഇത്തവണ കൂടുതലാണ്.

പ രീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി കെ.എസ്.ആ.ർ.ടിസി ബസുകൾ ഒരുക്കിയെങ്കിലും പകുതിപേരും സ്വകാര്യ വാഹനങ്ങളിലാണ് പരീക്ഷക്കെത്തിയത്. ഇത് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വാരം മുതൽ വലിയന്നൂർ വരെ, നാഷണൽ ഹൈവേ പാപ്പിനിശ്ശേരി മുതൽ വളപട്ടണം പാലം വരെ ,സിറ്റി, ചൊവ്വ, താണ, തൂടങ്ങിയ സ്ഥലങ്ങൾ മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപെട്ടു. ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥികൾ പാതി വഴിയിൽ കുടുങ്ങുകയും ചെയ്തു. ചില കുട്ടികൾ പരീക്ഷാ കേന്ദ്രങ്ങൾ മാറിയെത്തുകയും ചെയ്തു. പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ കൂടെ വന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തി ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കി.