irina

കടുത്ത വേനലിൽ നിന്ന് കോരിച്ചൊരിയുന്ന മഴക്കാലത്തേയ്ക്കുള്ള മാറ്റം മനുഷ്യജീവിതത്തെ വലിയതോതിൽ ബാധിക്കുന്നുണ്ട്. പ്രകൃതിയിലും മനുഷ്യരിലും അമ്ളത്വം വർദ്ധിക്കുന്നതാണ് ഇതിന് കാരണം. ഇതിന്റെ ഭാഗമായി ത്രിദോഷങ്ങൾ വർദ്ധിക്കുമെന്നും രോഗപ്രതിരോധശേഷി കുറയുമെന്നും ആയുർവേദം പറയുന്നു. പനിയും മറ്റു പക‌ർച്ച വ്യാധികളും കർക്കടകത്തിൽ വ്യാപിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
കർക്കടകത്തിലെ ആഹാരകാര്യത്തിൽ വലിയശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

പരമ്പരാഗതമായി നമ്മുടെ ശീലമാണ് കർക്കടകത്തിലെ ഇലക്കറികൾ.10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കറിവച്ചു കഴിക്കുന്നത് ഏറെ ഗുണകരമായി ആയുർവേദം ചൂണ്ടിക്കാട്ടുന്നു. ഇതിലൊന്നായ താള് കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ്. നാട്ടുമ്പുറങ്ങളിൽ ഇവയുടെ തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും സാധാരണയായി കറിക്ക് ഉപയോഗിക്കാറുണ്ട്. മറ്റൊന്നായ ചേമ്പിലയിലും കാത്സ്യം,ഫോസ്‌ഫറസ്, ധാതുക്കൾ എന്നിവ ധാരാളമായുണ്ട്. ഇതിന്റെ തണ്ടും ഇലയും കറിക്ക് ഉപയോഗിക്കുന്നു. ചേമ്പിലയിലുമുണ്ട് ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീൻ, കാത്സ്യം,ഫോസ് ഫറസ്, ഭക്ഷ്യനാരുകൾ എന്നിവ ധാരാളം.

ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന തഴുതാമ വെള്ളയും ചുവപ്പുമായി രണ്ടുതരത്തിലുണ്ട്. അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്സ്യം, ഇരുമ്പ്, ഫോസ്‌ഫറസ്, ബീറ്റാ സിറ്റാസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ, സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നിങ്ങനെ ഗുണമേറിയ രാസസംയുക്തങ്ങളുടെ കലവറ തന്നെയാണ് തഴുതാമ.

തകര ദഹനശേഷി കൂട്ടുകയും ത്വക്‌-ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. കുമ്പളയിലയും ഒരുപ്രധാനയിനമാണ്. ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമുള്ള കുമ്പളയില ദഹനവ്യൂഹത്തെ ശുദ്ധമാക്കുന്നു. മത്തൻ ഇലയിലുമുണ്ട് കാത്സ്യം, ഫോസ്ഫറസ്, ധാതുക്കൾ തുടങ്ങിയവ.

ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയ വെള്ളരി ഇല,​ പയർ ഇല തുടങ്ങി ഒട്ടേറെ ഭക്ഷ്യയോഗ്യമായ ഇലകൾ കർക്കടകത്തെ പോഷകസമ്പുഷ്ടമാക്കാൻ ഉപകരിക്കും.

പുതുതലമുറ പൊതുവെ ഇലക്കറികളോട് താൽപ്പര്യം കാട്ടാറില്ല. എന്നാൽ കുട്ടികൾക്കുൾപ്പെടെ ഇലക്കറികൾ നല്കുന്നത് ഇക്കാലത്ത് ഏറെ ഗുണകരമായിരിക്കും. വേണമെങ്കിൽ കുട്ടികളുടെ ഇഷ്ടാനുസരണം ഭക്ഷണത്തിൽ ഇലകൾ ചേർത്ത് കഴിപ്പിക്കാനാകും. കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉപ്പും കാന്താരി മുളകുടച്ചതും വെള്ളവും ചേർത്ത് വേവിച്ചാണ് പൊതുവെ ഇലകൾ കഴിക്കുന്നത്. മഞ്ഞൾപ്പൊടിയും ചേർക്കാവുന്നതാണ്. തേങ്ങ ചിരകിയതും വെളിച്ചെണ്ണയും ചേർക്കുന്നത് കൂടുതൽ രുചി നൽകും.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്

ഫോൺ: 9544657767