പയ്യന്നൂർ: പയ്യന്നൂരിന്റെ പ്രവേശന കവാടം ഒടുവിൽ പ്രകാശ പൂരിതമായി. കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് വരുമ്പോൾ അതിർത്തിയായ പെരുമ്പ പുഴ പാലത്തിലാണ് തെരുവ് വിളക്കുകൾ മിഴി തുറന്നത്. പാലം നിർമ്മിച്ച് 68 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. പാലത്തിന് ഇരുവരുത്തുമായി 22 വിളക്കുകളാണ് പിടിപ്പിച്ചിട്ടുള്ളത്.
നഗരസഭയുടെ നേതൃത്വത്തിൽ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ പ്രത്യേക താൽപര്യമെടുത്താണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി ദേശീയപാത അധികൃതരിൽ നിന്നും നേടിയെടുത്തത്. ദേശീയ പാതയിൽ പയ്യന്നൂർ നഗരസഭ, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പെരുമ്പ പാലം 1952-ൽ ദേശീയപാത വിഭാഗമാണ് നിർമ്മിച്ചത്. അന്ന് തൊട്ട് രാത്രിയായാൽ പാലം കുരിരുട്ടിലാണ്. അടുത്തൊന്നും കടകമ്പോളങ്ങൾ ഇല്ലാത്തതും ഇരുട്ട് വർദ്ധിപ്പിക്കുന്നതിന് കാരണമായി.
കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരുമാണ് ഇത് കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. വെളിച്ചക്കുറവ് കാരണം ഈയടുത്ത് ഒരു മിനിലോറി പാലത്തിന്റെ കൈവരികൾ ഇടിച്ച് തകർത്തെങ്കിലും ഭാഗ്യം കൊണ്ട് പുഴയിലേക്ക് മറിയാതെ രക്ഷപ്പെടുകയായിരുന്നു.
നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ വിളക്കുകളുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലായി പത്ത് മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.