ചെറുപുഴ: പാടിയോട്ടുചാൽ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണ മാലയും, 8 ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചു. ഉപക്ഷേത്രത്തിൽ ദേവീ വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണ്ണത്താലിയും കവർന്നു. 3 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുള്ളതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മേൽശാന്തി മേക്കാട്ടില്ലം മഹേഷ് നമ്പൂതിരി പൂജ നടത്താനെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പൂട്ട് തകർത്തതായി കണ്ടത്. ഭാരവാഹികൾ നല്കിയ പരാതിയെ തുടർന്ന് ചെറുപുഴ സി.ഐ എം.പി. വിനീഷ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും, ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി. ഫോറൻസിക്ക് വിദഗ്ധ പി. സിന്ധു തെളിവെടുത്തത്. ഡോഗ് സ്ക്വാഡിലെ സ്വീറ്റാ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ മണംപിടിച്ച് വടക്ക് ഭാഗത്തെ വാതിലിലൂടെ ചന്ദ്രവയൽ ഭാഗം വരെയാണ് പോയത്. ക്ഷേത്രത്തിന് സമീപത്തുളള കെട്ടിടത്തിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കോട്ട് ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
മോഷണങ്ങൾ തുടർക്കഥ
പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ക്ഷേത്രത്തിലേത്. ടൗണിലെ അമലാ ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിൽ നേരത്തെ മോഷണം നടന്നിരുന്നു. ഒരാഴ്ച മുമ്പേ പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ അരവഞ്ചാൽ അയ്യപ്പ ഭജന മഠത്തിലെ ഭണ്ഡാരം മോഷ്ടിച്ചിരുന്നു. അരവഞ്ചാൽ ടൗണിലെ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 6,000 രൂപയോളം മോഷ്ടിച്ചു.