കാസർകോട്: കടലാക്രമണം തടയാൻ പുതിയ പരീക്ഷണമൊരുങ്ങുന്നു. വിദേശ രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ വിജയിച്ച ജിയോ ട്യൂബും ജിയോ ബാഗുമാണ് കടൽക്കരയെ സംരക്ഷിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്.
വലിയ സൈസിലുള്ള കരിങ്കല്ലുകൾക്ക് കടുത്ത ക്ഷാമം നേരിടുകയും പരിസ്ഥിതിപ്രശ്നം കാരണം കരിങ്കല്ലുകൾ മുറിച്ചെടുക്കാൻ അനുമതി ലഭിക്കാൻ പ്രയാസമായതിനാലുമാണ് ജിയോ ട്യൂബും ബാഗും വൻതോതിൽ ഉപയോഗിക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 20 മീറ്റർ നീളമുള്ളതാണ് ജിയോ ട്യൂബ്. മണൽ പമ്പ് ചെയ്തു നിറച്ചാണ് ഇതിനായി ഒരുക്കുന്നത്. രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒരടി കനവുമുള്ളതാണ് ജിയോ ബാഗ്. കരിങ്കല്ലിനെ അപേക്ഷിച്ചു ചിലവും കുറവാണ്.
വച്ചുകഴിഞ്ഞാൽ ബാഗ് അനങ്ങാതെ നിന്നുകൊള്ളും. പരിസ്ഥിതി സൗഹൃദവുമാണ് ഇവ രണ്ടും. എന്നാൽ ചെറിയ ന്യൂനതകളുമുണ്ട്. മണ്ണ് പോയാൽ ബാഗ് ഉടനെ കടലെടുക്കുമെന്നതാണ് ഒന്ന്. കരിങ്കല്ലിന്റെ ഉറപ്പും ഈടും ബാഗിനില്ല . അധികം ആഴത്തിൽ ഇടാനും കഴിയില്ല. മുകളിൽ കൂടി തിരമാലകൾ അടിച്ചു വരുന്നതിന് ബണ്ട് പോലെ അടുക്കിവെക്കുകയാണ് ചെയ്യുന്നത്. കരിങ്കല്ല് ഇടുന്നത് വെള്ളത്തിന്റെ ലെവലിൽ തന്നെയാണ്. പത്ത് കൊല്ലം കല്ല് അതേപോലെ നിലനിൽക്കും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബാഗും ട്യൂബും ഉണ്ടാക്കുന്നത്. ഇന്ത്യൻ കമ്പനിയുടെ നിർമ്മിതമല്ല ജിയോ ബാഗുകൾ. വിദേശ രാജ്യങ്ങളിൽ നിരവധി ടൂറിസം കേന്ദ്രങ്ങളിൽ ഇവയെ കൊണ്ട് കവചം ഒരുക്കിയിട്ടുണ്ട്. ഭംഗിയുള്ള ബീച്ചുകൾ ഇങ്ങനെ നിർമ്മിച്ചിട്ടുണ്ട്. പൂഴിയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഭിത്തിയായി ഇവ ഇടുക. പാറയും കല്ലുമുള്ള സ്ഥലങ്ങളിൽ നടക്കില്ല. കാസർകോട് മടക്കരയിൽ കൃത്രിമ ദ്വീപിൽ പരീക്ഷണം എന്ന നിലയിൽ ചെയ്തിട്ടുണ്ട്. എറണാകുളം ചെല്ലാനം ഭാഗത്ത് ഇപ്പോൾ ഇത് ഉപയോഗിച്ച് ഭിത്തി നിർമ്മിക്കുന്ന ജോലികൾ ചെയ്തുവരുന്നുണ്ട്.
ജിയോ ട്യൂബ് 20 മീറ്റർ
ഒരു മീറ്ററിൽ കരിങ്കൽ ഭിത്തിക്ക്₹75000
ഒരു മീറ്റർ ട്യൂബിന്₹ 63000
രണ്ടു ബാഗിന് ₹10000
ബൈറ്റ്
പരിസ്ഥിതി പ്രശ്നങ്ങൾ കാരണം ജിയോ ബാഗുകളും ട്യൂബും വ്യാപകമാക്കാനാണ് സാധ്യത. മുമ്പ് കരിങ്കൽ ഭിത്തികൾ കെട്ടിയ സ്ഥലങ്ങളിൽ ഇത് ഇടാൻ കഴിയില്ല. ഇതുവരെ ചെയ്യാത്തതും മണൽ ലഭ്യമായ സ്ഥലത്തും മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. ഏജൻസി പ്രശ്നവും പൂഴി നിറയ്ക്കുന്ന പ്രശ്നവും ഇക്കാര്യത്തിൽ നിലവിലുണ്ട്. എന്നാലും കരിങ്കല്ലിന്റെ അത്ര പ്രശ്നം ഇക്കാര്യത്തിൽ ഉണ്ടാകില്ല.
രമേശൻ ,അസി. എൻജിനിയർ മേജർ ഇറിഗേഷൻ കാഞ്ഞങ്ങാട്