കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ കഴിഞ്ഞ അധ്യയന വർഷത്തെ അവശേഷിക്കുന്ന പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ ബിരുദാനന്തര ബിരുദ, രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷകൾ നടത്താൻ തീരുമാനിച്ചു. റെഗുലർ സ്കീമിൽ ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നാലാം സെമസ്റ്റർ ബിരുദ (സി.ബി.സി.എസ്) സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് പരീക്ഷകളും നടത്താൻ തീരുമാനിച്ചു. ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും റെഗുലർ വിദ്യാർത്ഥികൾക്കായി രണ്ടാം സെമസ്റ്റർ സപ്ലിമെൻററി/ഇംപ്രൂവ്മെൻറ് പരീക്ഷകളും നടത്താൻ തീരുമാനിച്ചു. രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾ ബി.എഡ് കോളേജുകളുമായി കൂടിയാലോചിച്ച ശേഷം നടത്തും. ജൂലായ് 23ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ കൺട്രോളർ പിന്നീട് അറിയിക്കും.

പരീക്ഷാ കൺട്രോളർ ഡോ. പി.ജെ വിൻസന്റ് അധ്യക്ഷനായ ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം എ.നിശാന്ത് സ്വാഗതം പറഞ്ഞു. പരീക്ഷാ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ. അജയകുമാർ, സിൻഡിക്കേറ്റ് അംഗം ഡോ. വി.എ വിൽസൺ എന്നിവർ സംസാരിച്ചു.