കണ്ണൂർ: കൊവിഡ് പോസിറ്റീവ് കേസുകൾ ക്രമാതീതമായി വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് തദ്ദേശ സ്ഥാപന തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 25000ത്തിലേറെ പേരെ താമസിപ്പിച്ച് ചികിത്സിക്കാൻ പര്യാപ്തമായ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ടി.വി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് നിയുക്തനായ ഐ.എ.എസ് ഓഫീസർ വി.ആർ.കെ തേജയും സന്നിഹിതനായി.
ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാർഡിലും 50 വീതം പേരെയും ചികിത്സിക്കാൻ പര്യാപ്തമായ കേന്ദ്രങ്ങളാണ് കണ്ടെത്തുന്നത്. ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയ കെട്ടിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്ന് ആശുപത്രികളിലേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ സേവനം കരുതിവയ്‌ക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഒരാൾക്ക് കിടക്കാവുന്ന കട്ടിലുകൾ, കിടക്കകൾ, തലയണകൾ, തലയണ ഉറകൾ, കിടക്ക വിരികൾ, ബക്കറ്റുകൾ, മഗ്ഗുകൾ, തോർത്ത് മുണ്ടുകൾ, സോപ്പുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റുകൾ, ഡസ്റ്റ് ബിന്നുകൾ, ക്ലീനിംഗ് ലോഷനുകൾ, അണുനാശിനികൾ തുടങ്ങിയ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അസിസ്റ്റന്റ് കളക്ടർ ശ്രീലക്ഷ്മി, എ.ഡി.എം ഇ.പി മേഴ്സി തുടങ്ങിയവരും പങ്കെടുത്തു.