കാസർകോട്: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ചെമ്മനാട് പരവനടുക്കത്തു പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിലെ രണ്ട് ഹോസ്റ്റൽ ബ്ലോക്കുകൾ 250 പേരെ കിടത്തി ചികിത്സിക്കാനുതകുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റി.
ഉക്കിനടുക്ക മെഡിക്കൽ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രീറ്റ്മെന്റ് സെന്റർ ആയിട്ടാണ് ഈ സ്ഥാപനത്തെ മാറ്റിയെടുക്കുന്നത്. നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ബെഡുകൾ ഉള്ള ചികിത്സ കേന്ദ്രമായി മാറുന്ന ഈ സി.എഫ്.എൽ.ടി.സി.ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ മറ്റു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലി ക്രമീകരണ അടിസ്ഥാനത്തിൽ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ കായിഞ്ഞിയാണ് സി.എഫ്.എൽ.ടി.സിയുടെ നോഡൽ ഓഫീസർ .