കതിരൂർ: വേനലായാൽ കുടിവെള്ള ക്ഷാമം പേടിസ്വപ്നമായി മാറിയ കോട്ടയം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കർമ്മപദ്ധതി ഒരുങ്ങുന്നു. നാളുകളായി ഇവിടത്തുകാർ അനുഭവിച്ചിരുന്ന ജലക്ഷാമത്തിന് പരിഹാരമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്ന ജലശ്രീ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു.
പഞ്ചായത്തിന്റെ 2018-19 വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. നാഷണൽ അർബൻ മിഷൻ ഫണ്ട്, എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ളവ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ട്.
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പ് കണക്ഷൻ നൽകുന്നതിന് ജലജീവൻ പദ്ധതി പ്രകാരം അൻപതു ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം പഞ്ചായത്തും വഹിക്കും. ബാക്കി പത്തു ശതമാനം ഉപഭോക്തൃ വിഹിതമാണ്. ഒരു ഗുണഭോക്താവിന് രണ്ടായിരം രൂപയാണ് ഏകദേശ ചെലവ് വരിക. രണ്ടു മാസത്തേക്ക് 120 രൂപയാണ് കുടിവെള്ള വാടകയായി ഈടാക്കുന്നത്. ഫെബ്രുവരിയിൽ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിന് ആശ്വാസമാകുന്ന പദ്ധതിയാണിത്. മുൻവർഷങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യങ്ങളിൽ കുടിവെള്ളത്തിനായി ലക്ഷങ്ങൾ ചെലവഴിക്കേണ്ട സാഹചര്യം ആണുണ്ടായിരുന്നത്.
4703 വീടുകളിലും കുടിവെള്ളം
ആദ്യ ഘട്ടത്തിൽ എഴുനൂറു വീടുകൾക്ക് കുടിവെള്ള കണക്ഷൻ നല്കും. നാനൂറു വീടുകളിലേക്ക് കൂടി അടുത്തമാസം കണക്ഷൻ നല്കാനാകും. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ 2771 വീടുകളിൽ കൂടി കുടിവെള്ളമെത്തിക്കും. അടുത്തവർഷം പകുതിയോടെ പഞ്ചായത്തിലെ 4703 വീടുകളിലും കുടിവെള്ളമെത്തും.
ആകെ ചെലവ് 15.28 കോടി
എം.എൽ.എ ഫണ്ട് 12 കോടി
നാഷണൽ അർബൻ മിഷൻ ഫണ്ട് 2.48 കോടി
രണ്ടു മാസത്തേക്ക് കുടിവെള്ള വാടക 120 രൂപ
അടുത്തവർഷം പകുതിയോടെ പദ്ധതി പൂർണമായും ലക്ഷ്യം കൈവരിക്കും. വിവിധ പദ്ധതി പ്രകാരം കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിണർ റീചാർജ് ഉൾപ്പെടെയുള്ളവ ചെയ്തപ്പോൾ കുടിവെള്ളക്ഷാമം ഏറെകുറേ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2020-21 വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുന്നതോടെ പഞ്ചായത്തിന്റെ കുടിവെള്ള ക്ഷാമം പൂർണ്ണമായും ഇല്ലാതാകും.
ടി. ഷബ്നം
പ്രസിഡന്റ്, കോട്ടയം പഞ്ചായത്ത്