കണ്ണൂർ: കൃഷി ചെയ്യാത്ത ഗ്രാമങ്ങൾ കണ്ണൂർ ജില്ലയിൽ അപൂർവ്വമാണ്. നിരവധി കാർഷിക മുന്നേറ്റങ്ങൾക്ക് വേദിയായ കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്ത് വേറിട്ട കാർഷിക സംസ്കാരത്തിന് തുടക്കമിടുകയാണ്. മയ്യിൽ പഞ്ചായത്തുകാർക്ക് ഇനി പുറത്തുനിന്ന് അരി വാങ്ങേണ്ടി വരില്ല.
വിത്തുമുതൽ വിപണിവരെ കർഷകനെ പങ്കാളിയാക്കിയുള്ള പുതിയ കാർഷിക മാനേജ്മെന്റിനാണ് ഇവിടെ നടപ്പാക്കിയത്.
2017 ജൂൺ എട്ടിനു നിലവിൽവന്ന മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണ് പുതിയ കാർഷിക വിപ്ളവത്തിന് തുടക്കമിട്ടത്. പഞ്ചായത്തിലെ 73 വീടുകളിൽ മിനി റൈസ് മില്ലുകൾ ഇപ്പോൾ നിലവിലുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം അരി ഉത്പാദനം വ്യാപകമാക്കും. മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള ‘മയ്യിൽ മോഡൽ’ നെൽകൃഷി രാജ്യത്തിനാകെ പ്രചോദനമെന്ന് വിശേഷിപ്പിച്ചത് നബാർഡാണ്. ആ മാതൃക ഇന്നും തുടരുകയാണ് മയ്യിൽ പഞ്ചായത്ത്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ തരിശുരഹിത പഞ്ചായത്തായി തലയുയർത്തി നിൽക്കുകയാണ് ഇപ്പോൾ മയ്യിൽ പഞ്ചായത്ത്. ശ്രേയസ്, ഉമ, ജ്യോതി, വെള്ളരിയൻ, പൗർണമി, ഭദ്ര തുടങ്ങിയ നെൽവിത്തുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. കാർഷിക സർവ്വകലാശാലയിലെ വിദഗ്ധരായ ഗവേഷകരുടെ നിർദ്ദേശമനുസരിച്ചാണ് വിത്തിറക്കലും കൊയ്ത്തും നടത്തുന്നത്. സർക്കാരിൽ നിന്നു സബ്സിഡി ലഭിച്ചാൽ ഹൈടെക് രീതിയിൽ കൃഷി അവലംബിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഇവർക്കുള്ളത്. വിത്തിറക്കൽ മുതൽ വിപണനം വരെ കർഷകരെ പങ്കാളികളാക്കുന്ന പ്രക്രിയ ഒരു പക്ഷെ മറ്റു പഞ്ചായത്തിലുണ്ടോ എന്നു സംശയമാണ്.
ആകെയുള്ളത് 8162 കുടുംബങ്ങൾ
ഉത്പാദിപ്പിക്കുന്നത് 79 ശതമാനം അരി
ഓഹരി ഉടമകൾ 346 കൃഷിക്കാർ
കൊവിഡിലും കുലുങ്ങാതെ
പ്രളയവും വരൾച്ചയും തൊട്ടുപിന്നാലെ കൊവിഡും വന്നിട്ടും മയ്യിൽ കുലുങ്ങിയില്ല. കൊവിഡ് കാലത്തും സ്വയം പര്യാപ്‌തതയിൽ വിട്ടുവീഴ്‌ചയ്ക്ക് തയാറല്ല. ഇതിനായി മൂന്ന് പ്രത്യേക പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്‌തത്. ‘ഒരുപിടി വിത്ത് ഒരു മുറം നെല്ല്’ പദ്ധതിയാണ് ഇതിൽ പ്രധാനം.
ബൈറ്റ്
പാടശേഖരങ്ങളുടെ അടിസ്ഥാന വികസനം, തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാർഷിക കർമസേന രൂപീകരിക്കൽ, ഗ്രൂപ്പ് ഫാമിങ്, ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കൽ, യന്ത്രവൽകൃത കൃഷി രീതി പരിശീലിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നം നിർമിക്കൽ, ഉൽപ്പന്നങ്ങൾക്ക് യഥാസമയം ന്യായവില ലഭ്യമാക്കൽ, ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കൽ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം-
ടി..കെ.. ബാലകൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ
മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി