തൃക്കരിപ്പൂർ: വെള്ളവും വെളിച്ചവുമില്ലാതെ അന്യന്റെ ഭൂമിയിലെ കുടിലിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ പഠനം നടത്തി കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇ. ആര്യയ്ക്കും കുടുംബത്തിനും നാട്ടുകൂട്ടായ്മയിൽ വീടൊരുങ്ങുന്നു. ഒളവറ പാലം റോഡിന് സമീപത്തായി സൗജന്യമായി ലഭിച്ച മൂന്നു സെന്റ് സ്ഥലത്താണ് ഉദാരമതികളുടെ സഹായത്തോടെ വീട് നിർമ്മിക്കാനുള്ള പ്രാരംഭ പ്രവൃത്തി ആരംഭിച്ചത്.
പ്രതികൂല സാഹചര്യത്തോട് പടപൊരുതി ഉന്നത വിജയം നേടിയ ആര്യ, അമ്മ അനിത, സഹോദരൻ എന്നിവരുടെ നിർദ്ധനാവസ്ഥ അറിഞ്ഞ് വീടുവെക്കാനുള്ള ഭൂമി ദാനം ചെയ്ത ഉദാരമതി, സ്ഥലത്തിന്റെ പ്രമാണവും വീടിന്റെ പ്ലാനുമായെത്തിയ സന്തോഷകരമായ നിമിഷത്തിലാണ് സ്നേഹഭവന്റെ കുറ്റിയടിക്കൽ കർമ്മം നടന്നത്.
പ്രതികൂല സാഹചര്യത്തിലും തന്റെ നിശ്ചയദാർഢ്യം കൊണ്ട് ഉന്നത വിജയം നേടിയ ആര്യയെ അനുമോദിക്കാനായി നാട്ടുകാർ എത്തിയപ്പോഴാണ് ഇല്ലായ്മയോട് പടപൊരുതി ദുരിതജീവിതം നയിക്കുന്ന കുടുംബത്തിന്റെ സ്ഥിതി ബോധ്യമായത്.
ഇന്നലെ രാവിലെ നടന്ന കുറ്റിയടിക്കൽ ചടങ്ങിൽ ജനകീയ കമ്മിറ്റി ചെയർമാൻ ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ള, എൻജിനിയർ എം.ടി.പി അബ്ദുൾ ഖാദർ, ഭാരവാഹികളായ ടി.വി. ചന്ദ്രദാസ്, രാജീവൻ ഒളവറ, വി.വി. വിജയൻ, പി. പ്രസാദ്, ടി.വി. വിനോദ്കുമാർ, പി. പ്രസാദ്, എം..വി. അനിത, ടി. ലളിത, വി.വി. രമേശൻ തുടങ്ങിയവർ പങ്കെടുത്തു.