കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴിയോര വ്യാപാരികൾക്ക്

പ്രധാനമന്ത്രി ആത്മനിർഭർ നിധി വഴി ധനസഹായം. പൊതുവെ കുറഞ്ഞ ലാഭത്തിൽ സാധനം വിൽക്കുന്ന തെരുവ് കച്ചവടക്കാ‌രിൽ ഭൂരിഭാഗം പേരും കൊവിഡിനെ തുടർന്ന് വൻ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ പുതിയ സംരംഭം തുടങ്ങാൻ മറ്റ് നീക്കിയിരിപ്പുകളൊന്നുമില്ലാത്തവർക്ക് വേണ്ടിയാണ് പദ്ധതി.

ആദ്യഗഡുവായി 10000 രൂപയാണ് കച്ചവടക്കാർക്ക് വയ്പ്പയായി നൽകുന്നത്. ഒപ്പം കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് ബാങ്ക് പലിശയുടെ ഏഴ് ശതമാനം സബ്സിഡിയും കച്ചവടക്കാരുടെ സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

സംസ്ഥാനത്ത് ആകെ 23,800 പേരെയാണ് ഇതുവരെ ഗുണഭോക്താക്കളായി കണ്ടെത്തിയത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കുടുംബശ്രീയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ 2014 ലെ നഗര തെരുവോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമ പ്രകാരം കുടുംബശ്രീ,​ എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റുകൾ കേരളത്തിലെ എല്ലാ തെരുവോരങ്ങളിലും ഈ സർവ്വെ നടത്തിയിരുന്നു. സർവ്വെയിൽ കണ്ടെത്തിയവരിൽ നിന്നും ടൗൺ വെന്റിംഗ് കമ്മിറ്റി (നഗര തെരുവോരകച്ചവട സമിതി) അംഗീകരിച്ച് തിരിച്ചറിയൽ കാർഡ് നൽകിയവർക്കാണ് വായ്പ അനുവവദിക്കുക. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.

കണ്ണൂരിൽ 1456

2017 ൽ നടത്തിയ സർവ്വെ പ്രകാരം കണ്ണൂർ ജില്ലയിൽ 1456 സ്ഥിരം തെരുവു കച്ചവടക്കാരെയാണ് കണ്ടെത്തിയത്. ഇതിൽ 1344 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പുതിയ കച്ചവടക്കാർക്കും വായ്പയ്ക്ക് അപേക്ഷിക്കാം. അതിനായി നഗരസഭയുടെ തെരുവോര കച്ചവട സമിതിയുടെ ലെറ്റ‌ർ ഒഫ് റെക്കമന്റേഷൻ വഴി ഓൺലൈനായി പൊതുസേവന കേന്ദ്രം വഴി അപേക്ഷിക്കാം. ഇതിനായി നഗരസഭയുമായി ഫോണിൽ ബന്ധപ്പെടാം.

കരുതേണ്ട വിവരങ്ങൾ

മൊബൈലുമായി ലിങ്ക് ചെയ്ത ആധാർ കാർഡ്

വീട്ടിലെ അംഗങ്ങളുടെ വിവരങ്ങൾ

തെരുവോര കച്ചവട സമിതിയുടെ തിരിച്ചറിയൽ കാർഡ്

ലോക്ക് ഡൗണിന് ശേഷം പ്രതിസന്ധിയിലായ തെരുവോര കച്ചവടക്കാർക്ക് വീണ്ടും മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് പദ്ധതി. കുടുംബശ്രീ വഴി നടത്തിയ സർവ്വെയുടെ അടിസ്ഥാനത്തിലായിരിക്കും വായ്പ ലഭ്യമാവുക.

പി.പി. സുലൈമാൻ, കുടുംബശ്രീ സിറ്റി മിഷൻ മാനേജർ