കാഞ്ഞങ്ങാട് : ശസ്ത്രക്രിയ നടത്താനായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിയ വൃദ്ധയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉറവിടം തേടാൻ തുടങ്ങി. ലേഡീസ് സർജിക്കൽ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട കുണിയ സ്വദേശിനിയായ 73 കാരിക്കാണ് കൊവിഡ് പോസിറ്റീവായത്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയക്കായാണിവർ ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം ലഭിച്ചത്. ഇതോടെ വൃദ്ധയെ അഡ്മിറ്റ് ചെയ്തിരുന്ന ജില്ലാശുപത്രിയിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലേഡീസ് സർജിക്കൽ വാർഡിലെ 14 രോഗികളെ മറ്റു വാർഡിലേക്ക് മാറ്റി. വാർഡ് അണുവിമുക്തമാക്കാൻ അടച്ചിട്ടു. സമ്പർക്കത്തിൽ ഏർപ്പെട്ട ഡോക്ടർമാരോടും നാല് ആരോഗ്യപ്രവർത്തകരോടും ക്വാറന്റൈയിനിൽ പോകാനും നിർദേശം നൽകി.