കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ മത്സ്യവിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് മീൻ വാഹനങ്ങൾ ജില്ലയിലേക്ക് എത്തുന്നു. തെക്കൻ ജില്ലകളിൽ നിന്ന് മത്സ്യവുമായി വന്ന വാഹനങ്ങൾ തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് പരിസരത്തു നിന്നും കൊയോങ്കരയിൽ നിന്നും ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിലെ നിരവധി മത്സ്യമാർക്കറ്റുകൾക്ക് പുറമെ തൃക്കരിപ്പൂർ മാർക്കറ്റിലും മീൻവിൽപ്പന തടഞ്ഞിരുന്നു. ഇത് ലംഘിച്ച് മത്സ്യവുമായി എത്തുന്നവർക്കെതിരെ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തുവരികയാണ്. പിഴയും അടപ്പിക്കുന്നുണ്ട്.

കാസർകോട്, ചെങ്കള, ചട്ടഞ്ചാൽ ഭാഗങ്ങളിൽ പച്ചക്കറി, മീൻ വില്പനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റുകൾ അടച്ചുപൂട്ടിയത്. എന്നാൽ മംഗളൂരുവിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നും വാഹനങ്ങൾ ജില്ലയിൽ പലഭാഗത്തും മീനുമായി വന്നിരുന്നിരുന്നു. തൃക്കരിപ്പൂർ മാർക്കറ്റ് പരിസരത്ത് ഇറക്കുന്ന മീൻ കൊയോങ്കര, തങ്കയം മുക്ക്, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ വില്പന നടത്തി വരികയായിരുന്നു. മാർക്കറ്റിൽ മത്സ്യം വിൽക്കുന്ന സ്ത്രീകൾ അടക്കം പ്രതിഷേധിച്ചതിനെ തുടർന്ന് മീൻ വില്പന ഉൾഭാഗങ്ങളിലേക്ക് മാറ്റി. ഇന്നലെ മത്തി കൊണ്ടുവന്ന പലയിടങ്ങളിലും വിറ്റതായി പറയുന്നു.