കാസർകോട്: പൊതുഗതാഗതനിയന്ത്രണത്തിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അന്തിമതീരുമാനം വൈകിയത് ആശയക്കുഴപ്പത്തിന് കാരണമായി. പൊതുഗതാഗതം നിരോധിച്ചെന്നധാരണയിൽ ഇന്നലെ ജില്ലയിൽ സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. ചുരുക്കം ചില കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇതുകാരണം ജോലിയാവശ്യാർത്ഥം സ്ഥിരമായി യാത്ര ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടി.

കാസർകോട് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം പെരുകിയ സാഹചര്യത്തിൽ ജൂലായ് 17 മുതൽ കുമ്പള മുതൽ തലപ്പാടി വരെയും കാസർകോട് മുതൽ കാലിക്കടവ് വരെയും പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നുമായിരുന്നു ആദ്യത്തെ അറിയിപ്പ്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും ഓടില്ലെന്നും അറിയിപ്പുണ്ടായി. എന്നാൽ ബുധനാഴ്ച രാത്രി വൈകിയാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അന്തിമതീരുമാനം വന്നത്. ബസുകൾക്ക് സർവീസ് നടത്താമെന്നും കണ്ടെയ്‌മെന്റ് സോണുകളിൽ ബസുകൾ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കണമെന്നും ജൂലായ് 31വരെ ഈ രീതിയിലുള്ള നിയന്ത്രണം തുടരുമെന്നും കളക്ടർ വിശദീകരിച്ചു.

സർവ്വീസ് നടത്തുന്ന ടാക്സികൾ അടക്കമുള്ള വാഹനങ്ങൾ കണ്ടെയ്മെന്റ് സോണുകളെ ഒഴിവാക്കണമെന്നും വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല, നിയന്ത്രണം മാത്രമാണെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു രാത്രി പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ആവർത്തിച്ചിരുന്നു.

എന്നാൽ ഇന്നലെ രാവിലെ മുതൽ ദേശീയപാതയിലടക്കം സർവ്വീസ് നടത്തിയത് ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമായിരുന്നു. കാസർകോട് ഡിപ്പോയിൽ നിന്ന് ഏതാനും ബസുകൾ മാത്രമാണ് ഓടിച്ചത്. യാത്രക്കാർക്ക് ചന്ദ്രഗിരി റൂട്ടിലടക്കം മണിക്കൂറുകൾ ബസിനായി കാത്തിരിക്കേണ്ടിവന്നു.