മട്ടന്നൂർ: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പുന്നാട് - മീത്തലെ പുന്നാട് - കാക്കയങ്ങാട് റോഡിൽ അപകടഭീഷണിയായി റോഡരികിലെ കുഴികൾ. വെള്ളം കുത്തിയൊഴുകിയാണ് റോഡരികിൽ വൻകുഴി രൂപപ്പെട്ടിരിക്കുന്നത്. 3 കോടി ചെലവിൽ റോഡ് നവീകരണത്തിന്റെ പ്രവൃത്തി തുടങ്ങിയെങ്കിലും വീതികൂട്ടൽ തടസ്സങ്ങൾ വന്നതും, ലോക്ക്ഡൗൺ മൂലവും പണി പാതിവഴിയിലാണ്. രാത്രിയും പകലും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

വെള്ളം കുത്തിയൊഴുകി റോഡും തകർന്നു. റോഡരികിൽ മീറ്ററുകളോളം നീളത്തിലാണ് കുഴികൾ രൂപപ്പെട്ടത്. ഓവുചാലില്ലാത്തതിനാൽ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. വാഹനങ്ങളുടെ ടയറുകൾ കുഴിയിൽപ്പെട്ടാൽ വലിയ അപകടമുണ്ടാകുന്ന സ്ഥിതിയാണ്. മഴ തുടങ്ങിയതോടെ പണി തീരെ നടക്കാനിടയില്ല. കുഴി മൂടാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായിട്ടില്ല.

പേരാവൂർ, മാനന്തവാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ യാത്രക്കാർക്ക് എളുപ്പത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലെത്താനുള്ള വഴിയാണിത്. 3 വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും ഓവുചാലുകൾ നിർമിച്ചിരുന്നില്ല.