മാഹി: കൊവിഡ് 19 ന്റെ തീവ്രത സമൂഹവ്യാപനത്തിലേക്കെത്തിനിൽക്കുന്ന സാഹചര്യത്തിൽ അറുപതു വയസ്സിന് മുകളിലുള്ള ഭൂരിഭാഗവും വീട്ടിനകത്ത് തളക്കപ്പെട്ട അവസ്ഥയിലാണ്. എന്നാൽ തന്റെ വീട്ടുപറമ്പിൽ താൻ നട്ടുവളർത്തിയ ഹരിതസമൃദ്ധിയിൽ ഒരു എഴുപത്തിയഞ്ചുകാരനുണ്ട്. ലോക്ക് ഡൗണിലും കൊവിഡ് ഭീതിയിലും വീട്ടവളപ്പിൽ പച്ചക്കറി കൃഷിയ്ക്കുവേണ്ടി വിയർപ്പൊഴുക്കുന്ന ദിവാകരൻ ചോമ്പാലയുടെ കൃഷിവിശേഷം കണ്ണിന് ഇമ്പംപകരുന്ന കാഴ്ചയാണ്.
ഇരുന്നേടത്തുനിന്നും എഴുന് നേറ്റാലെന്നപോലെ വളരുന്ന ആനക്കൊമ്പൻ വെണ്ടയിൽ തുടങ്ങുന്നു ഇദ്ദേഹത്തിന്റെ കൃഷിവിശേഷം. മൂന്നു നാലാളുകൾ ഉള്ള ഒരുവീട്ടിലെ പച്ചക്കറി ആവശ്യത്തിന് ഇതിൽ ഒറ്റ വെണ്ടച്ചെടിതന്നെ ധാരാളം. വേങ്ങേരി വഴുതിനയാണ് മറ്റൊന്ന്.
കദളി, ഞാലിപ്പൂവൻ, രസകദളി തുടങ്ങിയ വാഴകളും ഫേഷൻഫ്രൂട്ട്, ചാമ്പയ്ക്ക തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പറമ്പിലെ കൃഷിയിനങ്ങളാണ്.
കാഴ്ച്ചയിൽ ആപ്പിളിന്റെ രൂപസാദൃശ്യമുള്ള മാംസളതയും ഭാരക്കൂടുതലുമുള്ള വെള്ളന്നൂർ ഉണ്ട വഴുതിന ഒരെണ്ണത്തിന് ഏകദേശം അര കിലോയ്ക്കടുത്ത് തൂക്കം കാണും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ ചെടികൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിൽ കൃഷിചെയ്താൽ ഏകദേശം രണ്ടുമാസത്തിനകം ചെടി പൂവിട്ടുതുടങ്ങും.
വിപണിയിലെത്തുന്ന പച്ചക്കറികളിൽ ഒട്ടുമുക്കാലും മാരകമായ കീടനാശിനി തളിച്ചതാണെന്ന തിരിച്ചറിവിൽനിന്നാണ് ശുദ്ധമായ പച്ചക്കറികൾ വിളയിച്ചെടുക്കാൻ ഇദ്ദേഹം മുന്നിട്ടിറങ്ങിയത്. രാസവളങ്ങളോ രാസകീടനാശികളോ തളിക്കാതെ പഞ്ചഗവ്യം, ജീവാമൃതം, കടലപുണ്ണാക്ക് പുളിപ്പിച്ചത്, ഉണക്ക ചാണകം തുടങ്ങിയവയൊക്കെയാണ് ഇദ്ദേഹത്തിന്റെ വളപ്രയോഗം. വീട്ടാവശ്യത്തിനു പുറമെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഇവിടെ വിളയുന്ന വെണ്ടയും വഴുതനയും പച്ചമുളകും ചീരയും മറ്റും സൗജന്യമായി നൽകുന്നതിലും സന്തോഷവും സംതൃപ്തിയുമുണ്ട് ഇദ്ദേഹത്തിന്. ആർട് ഓഫ് ലിവിംഗ് കുടുംബാംഗം കൂടിയാണ് ദിവാകരൻ.
അടുക്കളത്തോട്ടങ്ങളിൽ പറയത്തക്ക പരിചരണങ്ങളൊന്നുമില്ലാതെ ആർക്കും എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്
ദിവാകരൻ ചോമ്പാല.