തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ പുരാതന കെട്ടിടത്തിന് തീപിടിച്ചത് ആശങ്കക്കിടയാക്കി. ബസ് സ്റ്റാൻഡിന് പരിസരത്തെ ഇരുനില കെട്ടിടത്തിലെ താഴത്തു ഭാഗത്തുള്ള പച്ചക്കറി കടയാണ് പൂർണ്ണമായും അഗ്നിക്കിരയായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തീ ആളിപ്പടരുന്നതു കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവിൽ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗം തീയണച്ചു. കാലപ്പഴക്കം കാരണം ഉപയോഗശൂന്യമായ കെട്ടിടം ഏതു സമയത്തും തകർന്നു വീഴുമെന്ന നിലയിലായിട്ട് വർഷങ്ങളായി. ഇതിനിടയിലാണ് പച്ചക്കറി വ്യാപാരം ആരംഭിച്ചത്. തീപ്പിടുത്തത്തിന് കാരണം വ്യക്തമല്ല.