കാസർകോട്: ജില്ലയിൽ അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ആയിരം കിടക്കകളുള്ള ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ തയ്യാറാക്കും.


വെന്റിലേറ്ററിൽ ആശങ്ക വേണ്ട

വെന്റിലേറ്ററുകളുടെ കാര്യത്തിലും ഭയപ്പെടേണ്ട സാഹചര്യം ജില്ലയിലില്ല. സർക്കാർ മേഖലയിൽ നിലവിൽ ഒമ്പത് വെന്റിലേറ്ററുകളും സ്വകാര്യ മേഖലകളിൽ എട്ട് വെന്റിലേറ്ററുകളും പ്രവർത്തനക്ഷമമാണ്. അടിയന്തര ഘട്ടങ്ങളിൽ ലഭ്യമാക്കാൻ കരുതൽ ശേഖരമായി ഏഴ് വെന്റിലേറ്ററുകളും സർക്കാർ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.


രോഗികൾ വർദ്ധിച്ചാൽ ജില്ല ആശുപത്രി കൊവിഡ് ആശുപത്രി
നിലവിൽ ഉക്കിനടുക്ക കൊവിഡ് ചികിത്സാകേന്ദ്രത്തിൽ ഐ.സി.യു സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജില്ല ആശുപത്രിയെ പൂർണമായും കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റും. പത്ത് 108 ആംബുലൻസുകൾ ആണ് ജില്ലയിൽ കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് സ്വകാര്യ മേഖലകളിലെ അഞ്ച് ആംബുലൻസുകൾ കൂടി പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഇടപെട്ട് നടപടികൾ സ്വീകരിച്ചു.