കണ്ണൂർ: തദ്ദേശസ്ഥാപന തലത്തിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകൾ 21നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാർഡിലും 50 വീതം പേരെയും ചികിത്സിക്കാൻ പര്യാപ്തമായ രീതിയിലാണ് സെന്ററുകൾ ക്രമീകരിക്കേണ്ടത്.
പ്രദേശത്തെ പി.എച്ച്.സി, സി.എച്ച്.സികൾക്ക് സമീപത്തായിരിക്കണം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കേണ്ടത്. അടഞ്ഞു കിടക്കുന്ന അല്ലെങ്കിൽ വിട്ടുകിട്ടുന്ന ആശുപത്രികൾ, പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, മത സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക. സർക്കാർ കെട്ടിടങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടത്. തദ്ദേശ സ്ഥാപനത്തിനായിരിക്കും സെന്ററുകളുടെ ദൈനംദിന നടത്തിപ്പിന്റെ ചുമതല. പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ആയിരിക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ കൺവീനറായി പ്രവർത്തിക്കുക. തദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന നോഡൽ ഓഫീസറുടെ സേവനവും ഇവിടെ ലഭ്യമാവും. പഞ്ചായത്തുകൾക്ക് അമ്പതിനായിരം രൂപ , നഗരസഭകൾക്ക് ഒരു ലക്ഷം, കോർപ്പറേഷനുകൾക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി ജില്ലാ കളക്ടർ ആദ്യഗഡു ഫണ്ടും അനുവദിച്ചു.