കൊട്ടിയൂർ: തുടർച്ചയായി പെയ്ത കനത്ത മഴയിൽ അമ്പായത്തോട് പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആശ്രമം ജംഗ്ഷന് സമീപത്തായാണ് ഇന്നലെ രാവിലെ വലിയതോതിൽ മണ്ണിടിഞ്ഞത്. റോഡിന്റെ പകുതിയോളം ഭാഗത്തേക്ക് മണ്ണിടിഞ്ഞ് വീണതിനാൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ സർവ്വീസ് തടസ്സപ്പെട്ടു.
പ്രദേശവാസികളും യാത്രക്കാരുമെല്ലാം ചേർന്ന് മണ്ണ് നീക്കം ചെയ്യാൻ തീവ്രശ്രമം നടത്തിയെങ്കിലും വീണ്ടും മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
2018-19 വർഷങ്ങളിൽ തുടർച്ചയായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന അമ്പായത്തോട് പാൽച്ചുരം ബോയ്സ് ടൗൺ റോഡ് പുനർനിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. മഴക്കാലത്ത് ചുരത്തിൽ മണ്ണിടിച്ചിലുണ്ടാകാതിരിക്കാനുള്ള അറ്റകുറ്റപ്പണികളും നിലവിൽ നടത്തിയിട്ടില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.