മലയാളമാസങ്ങളിൽ അവസാനത്തേതും ആയുർവേദത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതുമാണ് കർക്കടകം. മനുഷ്യന്റെ രോഗ പ്രതിരോധ ശക്തി, ദഹനശക്തി, ശരീരബലം ഇവ ഏറ്റവും കുറയുന്ന കാലമാണിത്. പ്രകൃതിയിലും പല മാറ്റങ്ങളും ഈ സമയത്ത് ഉണ്ടാകും. ശക്തമായ മഴയും തണുപ്പും ശരീരത്തിലെ ത്രിദോഷങ്ങളെ ദുഷിപ്പിക്കുന്നതു കൊണ്ട് പലവിധ അസുഖങ്ങൾ വന്നുചേരുന്നു.
വാതം കോപിക്കുന്നതിനാൽ വേദനകളും, പിത്തം ദുഷിക്കുന്നതിനാൽ ദഹന സംബന്ധമായ അസുഖങ്ങളും, കഫം ദുഷിക്കുന്നതിനാൽ ജലദോഷം, ചുമ, അലർജി, പനി എന്നിവയും ഇക്കാലത്ത് പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. കൂടാതെ ജലവും മണ്ണും വായുവും ദുഷിക്കുന്നതിനാൽ പലവിധ പകർച്ചവ്യാധികൾ വ്യാപിക്കാനും സാദ്ധ്യതയുണ്ട്. ദഹനശക്തി കുറഞ്ഞിരിക്കുന്നതിനാൽ ദഹിക്കാൻ എളുപ്പമുള്ള ആഹാരങ്ങൾ വേണം കർക്കടകത്തിൽ കഴിക്കേണ്ടത്. കർക്കടക കഞ്ഞി കഴിക്കുന്നത് നല്ലതാണ്.
അരി ആഹാരത്തിന് പകരം ഗോതമ്പാണ് ഉചിതം. ശരീര പ്രകൃതിക്കനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം എണ്ണപുരട്ടി ചൂടുവെള്ളത്തിൽ കുളിക്കുന്ന ശീലവും ഗുണകരമാണ്. ചെറിയ അളവിൽ തേൻ കഴിക്കാം. കൂടാതെ, ശരീരത്തിലെ ദോഷങ്ങൾ പുറന്തള്ളി ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ആയുർവേദ പഞ്ചകർമ്മ ചികിത്സകൾക്ക് ഏറ്റവും ഉത്തമമായ സമയമാണിത്.
ഇതു കൂടാതെ കർക്കടകത്തിൽ ആരോഗ്യശീലങ്ങളിൽ ഗുണകരമായ മാറ്റംവരുത്താൻ പ്രത്യേക ശ്രദ്ധവേണം. പഴകിയ ആഹാരങ്ങൾ, ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കണം. പുറത്തു നിന്നുള്ള ഭക്ഷണം പൂർണ്ണമായി ഒഴിവാക്കാൻ ഈ കൊവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ചെറു ചൂടുള്ളതും ദഹിക്കാൻ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതുമായ ആഹാരങ്ങളാണ് ഉചിതം. ഉപ്പ്, പുളി, എരിവ്, മധുരം തുടങ്ങിയവയുടെ അളവ് കുറയ്ക്കാം.
ഗോതമ്പ്, ചെറുപയർ, തേൻ, വെജിറ്റബിൾ സൂപ്പ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂർണം തുടങ്ങിയവ ദാഹശമിനികളായി ഉപയോഗിക്കാം.
രാത്രി ഭക്ഷണം പതിവിലും നേരത്തെയാക്കുന്നത് ദഹനത്തിന് സഹായകരമാവും. കൂടാതെ ഉറക്കവും മുടങ്ങാതെ ശ്രദ്ധിക്കുക. പകലുറക്കം ഒഴിവാക്കണം. മഴ നനയാതിരിക്കാനും നനഞ്ഞ വസ്ത്രങ്ങൾ ധരിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധവേണം.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്.
ഫോൺ: 9544657767.