കണ്ണൂർ: ജില്ലയിൽ ഒമ്പതു പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ ഏഴുപേർ ബെംഗളൂരുവിൽ നിന്ന് എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേർ ഇന്നലെ രോഗമുക്തരായി.
ബെംഗളൂരുവിൽ നിന്ന് ജൂലായ് ഒൻപതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരൻ, 28കാരൻ, 42കാരൻ, 45കാരൻ, 44കാരൻ, 12നെത്തിയ പെരളശ്ശേരി സ്വദേശി 43കാരൻ, 14നെത്തിയ ഇരിട്ടി സ്വദേശി 36കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എയർ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫായ കതിരൂർ സ്വദേശി 28കാരനും ഫയർ ഫോഴ്സ് ഹോം ഗാർഡായ വേങ്ങാട് സ്വദേശി 51കാരനുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 827 ആയി. ഇതിൽ 476 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊട്ടിയൂർ സ്വദേശി രണ്ട് വയസുകാരൻ, ഇരിട്ടി സ്വദേശി 37കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ 27കാരൻ, ചൊക്ലി സ്വദേശി 58കാരൻ, എരമം കുറ്റൂർ സ്വദേശി 39കാരൻ, രാമന്തളി സ്വദേശി 38കാരി, മുഴപ്പിലങ്ങാട് സ്വദേശി 51കാരൻ, ചൊക്ലി സ്വദേശികളായ 60കാരൻ, 57കാരൻ, തലശ്ശേരി സ്വദേശികളായ 36കാരൻ, 50കാരൻ എന്നിവർക്കാണ് രോഗം ഭേദമായത്.
ജില്ലയിൽ നിലവിൽ 22,298 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്ന് ഇതുവരെ 20,588 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,592 എണ്ണത്തിന്റെ ഫലം വന്നു. 996 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അഞ്ചു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ

വേങ്ങാട് 9, മൊകേരി 6, കതിരൂർ 18, ഇരിട്ടി 14 എന്നീ വാർഡുകളിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കും. സമ്പർക്കം മൂലം രോഗബാധയുണ്ടായ കതിരൂർ പഞ്ചായത്തിലെ 18ാം വാർഡ് പൂർണമായി അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.