കണ്ണൂർ തളിപ്പറമ്പിലെ പാവപ്പെട്ട കുടുംബത്തിലെ വർഷ എന്ന പെൺകുട്ടി. അമ്മ രാധയ്ക്ക് മകളും വർഷയ്ക്ക് അമ്മയും മാത്രം. ഇതിനിടെ അമ്മ ഗുരുതരമായ കരൾരോഗം പിടിപെട്ട് ആശുപത്രിയിലായി. സഹായിക്കാൻ ആരുമില്ല. പാരലൽ കോളേജ് വിദ്യാർഥിനിയായ കുട്ടിയുടെ കൈയിൽ ആകെയുള്ളത് പതിനായിരം രൂപ. ചികിത്സയ്‌ക്ക് വേണ്ടത് 25 ലക്ഷത്തോളം രൂപ. നക്ഷത്രമെണ്ണി കഴിയുന്ന കുട്ടിയ്ക്ക് സഹായവുമായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.
കൊച്ചിയിലെ അമൃത ആശുപത്രി വരാന്തയിൽ നിന്ന് അമ്മയുടെ ജീവൻ രക്ഷിക്കാൻ ഒരു ഉപായം ചില ചാരിറ്റി പ്രവർത്തകർ ഉപദേശിച്ചു. വർഷയുടെ വിലാപം കേട്ടവർ, സങ്കടമറിഞ്ഞവർ കൈയ് മെയ് മറന്ന് സഹകരിച്ചു. ഇന്ത്യയ്‌ക്കകത്തു നിന്നു മാത്രമല്ല, വിദേശത്തു നിന്നും സഹായമൊഴുകി. അങ്ങനെ വർഷയുടെ അക്കൗണ്ടിൽ കേവലം 20 മണിക്കൂറിനകം 84 ലക്ഷം ഒഴുകിയെത്തി. രണ്ട് ദിവസത്തിനകം അത് ഒരു കോടി 20 ലക്ഷത്തിലേക്ക് കുതിച്ചു. ഇനി ആരും സഹായം അയയ്‌ക്കേണ്ടതില്ലെന്ന് ചാരിറ്റി പ്രവർത്തകർക്ക് പറയേണ്ടി വന്നു.
അമ്മയുടെ കരൾ മാറ്റിവയ്‌ക്കലും കഴിഞ്ഞ് വർഷയും അമ്മയും ഇപ്പോൾ ആശുപത്രിക്കടുത്ത ഒരു വാടകവീട്ടിലാണ് കഴിയുന്നത്. എന്നാൽ ഇതൊന്നുമല്ല കഥ. സമൂഹമാദ്ധ്യമങ്ങളിൽ വേദനയോടെ വിലപിച്ച വർഷ സഹായിച്ചവർ തന്റെ പണം തട്ടിയെടുക്കാൻ നോക്കുന്നുവെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയ ആന്റിക്ളൈമാക്സ് കൈവരുന്നത്.
എന്നാൽ കിട്ടിയ തുക ആവശ്യം കഴിഞ്ഞ് ഇതുപോലെ പണമില്ലാതെ കഴിയുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ കൂടി നൽകണമെന്ന് തങ്ങൾ പറഞ്ഞതാണ് ഭീഷണിയായി ചീത്രീകരിക്കുന്നതെന്നും നേരത്തെ വർഷയ്ക്കു വേണ്ടി രംഗത്തുവന്ന ചാരിറ്റി പ്രവർത്തകർ പറയുന്നു. സുഖവിവരം അന്വേഷിച്ചുപോയ ചാരിറ്റി പ്രവർത്തകരെ വീട്ടിൽ നിന്നു വർഷയുടെ സഹായത്തോടെ അയൽക്കാർ ഇറക്കിവിട്ടുവെന്നും അവർ പറയുന്നു. വർഷ പരാതി നൽകിയതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ജീവകാരുണ്യത്തിന്റെ മറവിൽ സംസ്ഥാനത്തേക്ക് കോടികൾ ഒഴുകുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഒരു ദിവസം കൊണ്ട് കോടികൾ വന്നതിനു പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അനധികൃതമായ പണം ഇത്തരം ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. ചികിത്സാ ആവശ്യത്തിനുള്ള പണം കഴിച്ചുള്ള തുക വർഷയിൽ നിന്നു തിരികെ കിട്ടുമെന്ന വിശ്വാസത്തിൽ സുരക്ഷിതമെന്ന നിലയിൽ ഹവാലാപ്പണവും കുഴൽപ്പണവും അക്കൗണ്ടിലേക്ക് അയച്ചെന്നാണ് പൊലീസ് നിഗമനം.
ആദ്യം അമ്മയുടെ ചികിത്സക്കായി സഹായിക്കണമെന്ന് പറഞ്ഞ് വിലപിച്ച വർഷ പിന്നീട് ഒപ്പം നിന്നവർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വന്നത്.
ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപ്പോകാൻ കഴിയുമെന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിർദേശത്തെ തുടർന്നാണ് വർഷ പൊലീസിൽ പരാതി നൽകിയത്.
സമൂഹമാദ്ധ്യമങ്ങൾ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്ന ചിലരുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
അക്കൗണ്ടിലേക്ക് ഒരാളിൽ നിന്നു മാത്രം അമ്പത് ലക്ഷം രൂപയോളം വന്നിരുന്നു. പിന്നെ ചെറുതും വലുതുമായ തുകകൾ വേറേയും. ഈ പണത്തിന് എന്തോ മറ്റൊരു ഇടപാടിന്റെ മണമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി ധാരണയിലെത്തുന്നുവെന്നും ഇതനുസരിച്ച് ഒപ്പിട്ട ബ്ളാങ്ക് ചെക്കും പ്രോമിസറിനോട്ടും തയ്യാറാക്കും. ഇതിനു ശേഷം അക്കൗണ്ട് ഉടമകളിൽ നിന്നും പണം തിരിച്ചുപിടിക്കുന്നതാണ് പുതിയ രീതി. ഇതു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഇതാണ് പൊലീസ് അന്വേഷിക്കുന്നത്.
അതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു.
ഇനിയും ഒരുപാട് പണം അമ്മയുടെ ചികിത്സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണം എന്നു പറഞ്ഞ് ഒരുകൂട്ടർ എത്തുന്നതെന്നും വർഷ കുറ്റപ്പെടുത്തുന്നു.
വാൽക്കഷ്ണം.....
ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പ് പലരെയും അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനു പിന്നിലെ സുമനസുകൾക്ക് ഇതൊരു ചങ്കിടിപ്പാണ്. കള്ളനാണയങ്ങൾ പെരുകുമ്പോഴും ശുദ്ധമനസുകൾ ചോദ്യം ചെയ്യപ്പെടുന്നു. സത്യസന്ധമായ സാമൂഹിക സേവനം നടത്തുന്നവരുടെ ആത്മാർഥയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
വെറും പതിനായിരം രൂപയുമായി അമ്മ രാധയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ വർഷയുടെ വിലാപം ജീവകാരുണ്യഗ്രൂപ്പുകളും പ്രധാന വ്യക്തികളും ഏറ്റെടുത്തതോടെയാണ് സഹായമെത്തിയത്. കരൾമാറ്റിവയ്ക്കുന്നതിന് 20ലക്ഷം രൂപയാണ് ചിലവ്. കരൾ നൽകുന്നത് ഡിഗ്രി വിദ്യാർത്ഥിനിയായ വർഷ തന്നെയാണ്. ശസ്ത്രക്രിയയ്ക്കുള്ള തുകയും കഴിഞ്ഞ് 30 ലക്ഷം ബാക്കി. ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്ന് ചാരിറ്റി പ്രവർത്തകരായ സാജൻ കേച്ചേരിയ്ക്കും സുഹൃത്തുക്കൾക്കും സമൂഹമാദ്ധ്യമങ്ങളിൽ പറയേണ്ടി വന്നു.
പത്തു ദിവസം മുമ്പാണ് തളിപ്പറമ്പ് ചുടലയിലെ വർഷ അമ്മ രാധയെയും കൊണ്ട് അമൃത ആശുപത്രിയിലെത്തുന്നത്. പിലാത്തറ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ വർഷയ്ക്ക് അമ്മ മാത്രമേയുള്ളു. കരൾ പകുത്തുനൽകാൻ വർഷ തയ്യാറായപ്പോഴാണ് ലക്ഷങ്ങൾ കൂടി വേണമെന്ന് ഡോക്ടർമാർ പറഞ്ഞത്. പിന്നെ നെട്ടോട്ടമായിരുന്നു.
സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വർഷ ഇട്ട വീഡിയോ പോസ്റ്റ് സേവന പ്രവർത്തനം നടത്തുന്ന ഗ്രൂപ്പുകൾ ഏറ്റെടുത്തു. നാട്ടുകാരിയായ രാധയുടെയും വർഷയുടെയും അവസ്ഥയറിഞ്ഞ മുൻ എം.പി. പി.കെ. ശ്രീമതി പരിചയമുള്ള എല്ലാ ഗ്രൂപ്പുകളിലേക്കും വർഷയുടെ പോസ്റ്റ് ഫോർവാർഡ് ചെയ്തു. വിദേശത്തു നിന്നും മറ്റും സഹായവുമായി ഉദാരമതികളെത്തി. വർഷയുടെ അമ്മയുടെ പേരിലുള്ള തളിപ്പറമ്പ് എസ്. ബി.ഐ അക്കൗണ്ട് കരുണ കൊണ്ട് നിറഞ്ഞു.