പൊന്നുരുക്കുകാരും നിരീക്ഷണത്തിൽ
കണ്ണൂർ: സ്വർണക്കടത്ത് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിനായി കമ്മിഷണർ ഓരോ ജില്ലകളിലെയും സ്വർണക്കടത്തുകാരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. ഇന്നലെയോടെ ജില്ല തിരിച്ചുള്ള കടത്തുകാരുടെ പട്ടിക ഡപ്യൂട്ടി കമ്മിഷണർമാർ കസ്റ്റംസ് കമ്മീഷണർക്ക് കൈമാറിയെന്നാണ് അറിയുന്നത്. കൂടാതെ കള്ളക്കടത്ത് സ്വർണവും പഴയ സ്വർണം എടുത്ത് ഉരുക്കി വിൽക്കുന്നവരുടെ ജില്ല തിരിച്ചുള്ള കണക്കും കമ്മിഷണർക്ക് സമർപ്പിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അമ്പതിനടുത്തും കണ്ണൂർ ജില്ലയിൽ എഴുപത്തിഅഞ്ചോളവും സ്വർണം ഉരുക്കുന്ന സംഘം ഉണ്ടെന്നാണ് അറിയുന്നത്. ഏറ്റവും കൂടുതൽ സ്വർണം ഉരുക്കുന്നവർ മലപ്പുറം ജില്ലയിലാണത്രെ. നേരത്തെ കാസർകോട്ടെ തളങ്കരയും തായലങ്ങാടിയും കള്ളക്കടത്ത് സ്വർണം ഉരുക്കുന്നതിന്റെ അറിയപ്പെടുന്ന കേന്ദ്രമായിരുന്നു. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അടുത്ത ബന്ധുക്കളുടെ പേരുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സ്വർണം ഉരുക്ക് സംഘങ്ങളിൽ തൊണ്ണൂറ് ശതമാനവും മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളാണ്. എന്നാൽ ഈ സംഘങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണ ഉരുപ്പടികൾ 24 കാരറ്റ് മാറ്റുള്ളതാണ്. അതുകൊണ്ട് കള്ളക്കടത്ത് സംഘം കൊണ്ടുവരുന്ന സ്വർണം ഇത്തരക്കാരിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ കടത്തിക്കൊണ്ടുവരുന്ന സ്വർണ ഉരുപ്പടികളുടെ രൂപമാറ്റം വരുത്തുന്നതിനു വേണ്ടി ഇവരെ ആശ്രയിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളയുന്നുമില്ല. അതുകൊണ്ടാണ് സ്വർണം ഉരുക്കുന്ന ആളുകളുടെ വിവരവും കസ്റ്രംസ് ശേഖരിച്ചത്.