ചെമ്പേരി (കണ്ണൂർ): 'കാരിരുമ്പ് കാച്ചി മുട്ടുമ്പോൾ വല്ലാത്തൊരു കരുത്ത് തോന്നും. മരണംവരെ ഇപ്പണി വിടില്ല...'
എൺപത്തിമൂന്നാം വയസിലും ചെമ്പേരി ചളിമ്പറമ്പ് വെള്ളാരംകാലായിൽ ജാനകിയമ്മയുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ ഉറപ്പാണ്. ചെമ്പേരിക്കാർക്ക് ഇപ്പോഴും പ്രിയം ജാനകിയമ്മയുടെ കൈപ്പാട് പതിഞ്ഞ കറിക്കത്തിയും വെട്ടുകത്തിയും തന്നെ.
പ്രതിസന്ധികളെ അതിജീവിച്ചതിന്റെ ആൾരൂപമാണ് ജാനകിയമ്മ. 12--ാം വയസിൽ അച്ഛൻ മരിച്ചപ്പോൾ ആലയിൽ കയറിയതാണ്. ഭർത്താവിന്റെ അകാലമരണശേഷം നാല് മക്കളെ വളർത്തിയതും ഇരുമ്പ് കനലാക്കി, പണിയായുധങ്ങളാക്കി വില്പന നടത്തിയാണ്. കനലിൽ തിളങ്ങുന്ന കാരിരുമ്പ് കാണുമ്പോഴുള്ള ആവേശം കുറഞ്ഞിട്ടില്ല. വലിയ പണികൾക്ക് ആവതില്ലെന്നേയുള്ളൂ.
എൺപതാണ്ട് മുമ്പ് എറണാകുളത്തെ ചോറ്റാനിക്കരയിൽ നിന്ന് കണ്ണൂർ ചെമ്പേരിയിലേക്ക് ഭാര്യയെയും കൂട്ടി ശങ്കരൻ കുടിയേറുമ്പോൾ മകൾ ജാനകിക്ക് മൂന്നുവയസ്.
ചെമ്പേരിയിൽ മൂന്നു സെന്റിലെ കുടിലിനു മുന്നിൽ ആലയിട്ട് ശങ്കരൻ കുടുംബം പോറ്റി.
ചെങ്കൽ പണികൾക്ക് പേരുകേട്ട പ്രദേശമാണ് ചെമ്പേരി. കല്ലുവെട്ട് മഴുവും മറ്റു പണിയായുധങ്ങളും നിർമ്മിച്ചു നൽകുന്ന ശങ്കരന് പണിക്കൊരു മുട്ടുമുണ്ടായില്ല. പക്ഷേ, ഒരുപനി എല്ലാം തകർത്തു. ഒരാഴ്ച വിറച്ചുകിടന്ന് ശങ്കരൻ വിടപറഞ്ഞതോടെ അമ്മയും മകളും തനിച്ചായി. ചോറ്റാനിക്കരയ്ക്ക് മടങ്ങാനുള്ള അമ്മയുടെ ആലോചന കുഞ്ഞുജാനകി സമ്മതിച്ചില്ല. അങ്ങനെ തുടങ്ങിയതാണ് ജാനകിയുടെ ആലജീവിതം.
പതിനെട്ടാം വയസിൽ വിവാഹം. മൂന്ന് പെണ്ണും ഒരു ആൺതരിയുമായി മക്കൾ നാല്. കൂലിപ്പണിക്കാരനായ ഭർത്താവ് നിത്യരോഗിയായതോടെ ജാനകി ആലയിൽ വിയർപ്പൊഴുക്കി കിട്ടുന്നതായി ആകെ വരുമാനം. ഭർത്താവിന്റെ മരണശേഷം പെൺമക്കളെ കെട്ടിച്ചുവിട്ടു. മകൻ ഷാജിക്കൊപ്പമാണ് ഇപ്പോൾ താമസം. വരുമാനം തുച്ഛമായ ആലപ്പണിയിൽ മക്കൾക്കോ മരുമക്കൾക്കോ താത്പര്യമില്ല. മകൻ ഫോട്ടോഗ്രാഫറാണ്. തന്റെ കാലശേഷം ആല പൂട്ടിപ്പോവുമെന്ന സങ്കടം മാത്രമേ ഈ മുത്തശ്ശിക്കുള്ളൂ.