കാഞ്ഞങ്ങാട്: വേതനം തുച്ഛമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിലെ താത്കാലിക ഡോക്ടർമാർ ഒഴിയുന്നു. ജില്ലയിൽ അഡ്ഹോക് ഡോക്ടർമാർക്ക് മാസത്തിൽ ശമ്പളമായി കിട്ടുന്നത് 37000 രൂപയാണ്. 51840 രൂപയാണ് നിയമന സമയത്ത് വാഗ്ദാനം ചെയ്തിരുന്നത് .89 ദിവസത്തേക്കാണ് നിയമനം. പക്ഷെ ഇപ്പോൾ സാലറി കട്ടും നികുതിയും കഴിച്ചുള്ള തുകയാണ് ലഭിക്കുന്നത്.
ഈ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാൻ പറ്റില്ലെന്നറിയിച്ച് രാജി വെക്കാനൊരുങ്ങുകയാണ് താൽക്കാലികമായി നിയമിച്ച ഡോക്ടർമാർ.
താൽക്കാലികമായി നിയമിക്കുന്ന എൻ എച്ച് എം ഡോക്ടർമാർക്കും കിഴിവൊക്കെ കഴിഞ്ഞ് 33,000 രൂപയേ കിട്ടുന്നുള്ളുവെന്ന് പറയുന്നു. ഇതിനാലാണ് ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യാൻ ഡോക്ടർമാരെ കിട്ടാത്ത സാഹചര്യമുണ്ടാകുന്നതെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. മുഹമ്മദ്, സെക്രട്ടറി ഡോ. അരുൺ റാം എന്നിവർ പറയുന്നു.
കൊവിഡ് കാലത്ത് മറ്റു ജില്ലകളിൽ ഡോക്ടർമാരെ നിയമനം നടന്നെങ്കിലും കാസർകോട് ജില്ലയിൽ നടന്നിരുന്നില്ല. ജില്ലയിൽ മുമ്പ് ജോലി ചെയ്തവരെ പുനർനിയമനം ചെയ്ത് കൊവിഡ് നിയമനമായി കാണിക്കുകയാണ് ചെയ്തതത്രെ. ജില്ലയിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡോക്ടർമാർക്ക് മാന്യമായ ശമ്പളം നൽകണമെന്നും സാലറി കട്ടിൽ നിന്ന് ഒഴിവാക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്.