പട്ടുവം: കൊവിഡ് ദുരന്തം വിതയ്ക്കുന്ന ഇക്കുറി കർക്കടക ദോഷമകറ്റാൻ ആടിയും വേടനുമുണ്ടാകില്ല. ശിവ,പാർവതി,അർജ്ജുനസങ്കൽപങ്ങളിൽ മലയ,വണ്ണാൻ,നലിക്കദായ സമുദായങ്ങളിലെ കുട്ടികൾ കെട്ടുന്ന ഈ കുഞ്ഞുതെയ്യങ്ങൾ വീടുകൾ തോറും കയറിയിറങ്ങി കർക്കടക ദോഷമകറ്റുന്ന ചടങ്ങിനാണ് കൊവിഡ് ഇക്കുറി തടയിടുന്നത്. കർക്കടകം ഏഴ്, 16 ദിവസങ്ങളിലാണ് മലയ സമുദായക്കാരുടെ വേടൻ വീടുകൾ കയറുന്നത്. 28-ാം നാളിൽ വണ്ണാൻ സമുദായക്കാരുടെ വേടനും വീടുകളിൽ കയറിയിറങ്ങും.
പത്തുവയസുവരെയുള്ള കുട്ടികൾ വീടിന് പുറത്തിറങ്ങരുതെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് നല്കിയിട്ടുണ്ട്. കൂടാതെ ചില മേഖലകളെല്ലാം ഹോട്ട്സ്പോർട്ടായി അടച്ചിട്ടിരിക്കുകയുമാണ്.
ഇക്കുറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വേടൻ കെട്ടാൻ ക്ളാസുകൾ മുടയ്ക്കേണ്ടതില്ലെന്ന സൗകര്യമുണ്ടുതാനും.
മുമ്പൊക്കെ പ്രാദേശികമായി ചടങ്ങ് നടത്താൻ ആചാരപ്പെട്ടവർ അവരുടെ വീടുകളിലോ ബന്ധുവീടുകളിലോ ഉള്ള കുട്ടികളെയാണ് വേഷംകെട്ടിക്കാറുള്ളതെങ്കിൽ ഇപ്പോൾ പലയിടങ്ങളിൽ നിന്ന് കൊണ്ടുവരികയായിരുന്നു. കൊവിഡ് ഭീതിയിൽ ഇക്കുറി കുട്ടികളെ ആരും അയക്കാത്തത് ചടങ്ങ് മുടങ്ങാൻ കാരണമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കാവുകളിൽ കളിയാട്ടങ്ങൾ ഉപേക്ഷിച്ചതിനാൽ തെയ്യം കലാകാരന്മാരെ സംബന്ധിച്ച് സീസണിൽ ഇക്കുറി വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ഇങ്ങനെയിരിക്കെ വറുതിയിൽ വേടൻ ഒരു അനുഗ്രഹമാകുമായിരുന്നുവെങ്കിലും കൊവിഡ് ഭീഷണി അവസാനിക്കാത്തത് വീണ്ടും തിരിച്ചടിയാവുകയാണ്.
വേടൻ (ഫയൽചിത്രം)