പയ്യന്നൂർ: മഴ ശക്തി പ്രാപിച്ചതോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം ചോർന്നൊലിക്കുന്നു. ഉയർന്ന ക്ലാസ് വെയിറ്റിംഗ് റൂം ചോർന്നൊലിച്ച് വെള്ളംകെട്ടി നിൽക്കുന്ന അവസ്ഥയാണ്. മഴക്കാലത്ത് റെയിൽവേ സ്റ്റേഷൻ ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ശാശ്വത പരിഹാരം കാണുവാനോ, താൽക്കാലിക അറ്റകുറ്റപണികൾ നടത്തുവാനോ അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോൾ കൂടുതൽ യാത്രക്കാരില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

ചോർച്ചയ്ക്ക് പുറമെ പടിഞ്ഞാറൻ ഭാഗത്തുനിന്ന് കാറ്റിൽ മഴവെള്ളം സ്റ്റേഷനിലേക്ക് കയറുന്നുണ്ട്. കൂടാതെ പകുതിയിലേറെ ഭാഗത്തും പ്ളാറ്റ്ഫോമിന് മേൽക്കൂരയുമില്ല. ലോക്ക് ഡൗൺ തുടങ്ങിയതോടെ യാത്രക്കാർ സ്റ്റേഷനിലെത്തുന്നില്ല. ഇപ്പോൾ ക്ലീനിംഗ് ജോലിക്കും റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരില്ല. അവരുടെ കരാർ അവസാനിച്ചതാണ് കാരണം. ക്ലീനിംഗ് ജോലിക്കാർ ഉള്ളപ്പോൾ റൂമിൽ കെട്ടി നിൽക്കുന്ന വെള്ളം തുടച്ച് മാറ്റുകയെങ്കിലും ചെയ്യാറുണ്ട്. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.

കൊവിഡ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും റെയിൽവേ റൂമിലെ വെള്ളക്കെട്ട് , ഇവിടെ ഇപ്പോൾ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മറ്റ് റെയിൽവേ ജീവനക്കാർക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

അറ്റകുറ്റപ്രവൃത്തി

നടക്കുന്നില്ല

1991 മാർച്ച് 3ന് ആണ് റെയിൽവേ സ്റ്റേഷന്റെ ഇപ്പോഴുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്. കാലപഴക്കത്താൽ കെട്ടിടത്തിന് പല സ്ഥലങ്ങളിലായി ചോർച്ച അനുഭവപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണിയും കൃത്യമായി നടക്കുന്നില്ല. ഓട്ടോമാറ്റിക്ക് സിഗ്നലിന്റെ മെഷീനുകളും മറ്റുമുള്ള റിലേ റൂമിന് ചോർച്ചയുള്ളതിനാൽ ഈ അടുത്ത ദിവസമാണ് ആ കെട്ടിടത്തിന് മുകളിൽ ഷീറ്റിട്ടത്. എന്നാൽ ഇതോടൊപ്പം ചോർന്നൊലിക്കുന്നതും യാത്രക്കാർക്ക് ഉപയോഗിക്കാനുള്ളതുമായ കെട്ടിടത്തിന്റെ ചോർച്ചക്ക് പരിഹാരം ഒന്നും ചെയ്തതുമില്ല.

മലബാറിലെ കൂടുതൽ വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പയ്യന്നൂർ. എന്നാൽ നേരത്തെ മുതൽ ഇവിടെ മഴയിൽ കുട പിടിച്ച് നിൽക്കേണ്ട സ്ഥിതിയാണ്. കൃത്യമായ അറ്റകുറ്റപ്രവൃത്തി ഇല്ലാത്തതാണ് ചോർച്ചയ്ക്ക് പ്രധാനകാരണം. ഇക്കാര്യങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തും.

അഡ്വ. റഷീദ് കവ്വായി,

ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം