തില്ലങ്കേരി: കൃഷിയിലെ വൈവിദ്ധ്യം തില്ലങ്കേരി പഞ്ചായത്തിന് പുതുമയുള്ള കാര്യമല്ല. കാർഷിക സംസ്‌കൃതിയെ തിരിച്ച് പിടിക്കാൻ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി മികച്ച കാർഷിക പ്രവർത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്.
മുഴുവൻ തരിശ് നിലങ്ങളിലും കൃഷിയിറക്കികൊണ്ടാണ് തില്ലങ്കേരി ഈ വിപ്ലവാത്മകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. 2019 ഡിസംബർ 23 ന് തില്ലങ്കേരിയെ സംസ്ഥാനത്തെ അഞ്ചാമത്തെ 'സമ്പൂർണ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. 155.5 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടത്തിയത്.
സ്വയംസഹായ സംഘങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ, യുവജന സംഘടനകൾ, കുട്ടികൾ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടങ്ങളാണ് കാർഷിക മേഖലയിൽ പഞ്ചായത്തിന് കൈവരിക്കാൻ കഴിഞ്ഞത്.
എല്ലാ വീടുകളിലും കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്തുപാക്കറ്റുകൾ വിതരണം ചെയ്ത് അടുക്കളത്തോട്ടം നിർമിക്കുകയും ആവശ്യമുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ ഉത്പ്പാദിപ്പിക്കുന്നതിന് പ്രാപ്തരാക്കാനും ഇതിലൂടെ സാധിച്ചു. ഹരിത കേരളം മിഷൻ മുന്നോട്ട് വെച്ച ഹരിത സമൃദ്ധി വാർഡ് വിഷരഹിത ജൈവ പച്ചക്കറി കൃഷി പദ്ധതി എന്നിവ പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാർഡുകളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുമുണ്ട്. കൂടാതെ 850 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 8500 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ അടുത്ത കാലത്ത് 120 ഓളം ചെറുപ്പക്കാർ കൃഷിയിലേക്കിറങ്ങിയത് പഞ്ചായത്ത് നടത്തിയ കാർഷിക പ്രവർത്തനങ്ങളിലെ ഏറ്റവും മികച്ച നേട്ടമാണ്. പഞ്ചായത്തിലെ 1030 പേരാണ് സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളികളായത്.
പി.പി. സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്