കൂത്തുപറമ്പ്: പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ മുതൽ ഓട്ടോറിക്ഷകൾക്കും നിയന്ത്രണം. ഓട്ടോറിക്ഷകളുടെ എണ്ണം പകുതിയായി കുറക്കും. അക്കങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷകളെ വേർതിരിച്ചാണ് യാത്രാ അനുമതി നൽകുക. തിങ്കളാഴ്ച ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന ഓട്ടോറിക്ഷകൾക്കാണ് യാത്ര അനുമതി നൽകുന്നതെങ്കിൽ ചൊവ്വാഴ്ച ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന ഓട്ടോറിക്ഷകളാണ് റോഡിലിറങ്ങുക. ഡ്രൈവറുടെ കേബിൻ വേർതിരിച്ച ഓട്ടോറിക്ഷകൾക്ക് മാത്രമെ അനുമതി നൽകുകയുള്ളു. അതോടൊപ്പം യാത്രക്കാരുടെ പേര്, വിലാസം ഫോൺ നമ്പർ എന്നിവയും ഡ്രൈവർമാർ രേഖപ്പെടുത്തണം.

വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട് ലെനിൻ സെന്റർ ഭാഗത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. കൂത്തുപറമ്പിലെ ഫയർഫോഴ്സ് ജീവനക്കാരന് സമ്പർക്കത്തിലൂടെ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുറ്റിപ്രം ലെനിൻ സെന്റർ റോഡ്, പറമ്പായി പാതിരിയാട് റോഡ് എന്നിവയാണ് അടച്ചത്. പ്രദേശത്ത് പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പിണറായി അഡീഷണൽ എസ്.ഐ പി.സി. വിനോദ് കുമാർ, എ.എസ്.ഐമാരായ എം. വിനോദൻ, കെ. സജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.