കാസർകോട്: വാനരപ്പട കൂട്ടമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നതായ കള്ളാറിലെ കർഷകരുടെ പരാതിയിൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടറുടെ അദാലത്തിൽ ഉറപ്പ്. ഷാജി സി ചാരാത്ത്, മാത്യു സ്‌കറിയ, എൽസമ്മ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് പ്രത്യേക കെണി ഒരുക്കി ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ദൂരെ സ്ഥലങ്ങളിലെ വനാന്തരങ്ങളിൽ വിടുമെന്ന് വനംവകുപ്പ് റേഞ്ച് ഓഫീസർ വ്യക്തമാക്കിയത്.
കൊവിഡ് മഹാമാരിക്കിടയിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഓൺലൈനായി സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് പരാതി പരിഹാര അദാലത്തിൽ കളക്ടർ നേരിട്ട് 12 പരാതികൾ പരിഗണിച്ചു. അദാലത്തിലേക്ക് 54 പരാതികളാണ് എത്തിയിരുന്നത്. പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികൾ അദാലത്തിന് മുമ്പ് നൽകിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓൺലൈൻ അദാലത്തിൽ കളക്ടറുടെ മുന്നിലേക്ക് എത്തിയത്.
കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ എ.ഡി.എം എൻ ദേവീദാസ്, ഡെപ്യൂട്ടി കളക്ടർമാരായ സജി എഫ് മെൻഡിസ്, വി.ജെ ശംസുദ്ദീൻ, എൻ.ഐ.സി ജില്ലാ ഓഫീസർ കെ രാജൻ, വെള്ളരിക്കുണ്ട് തഹസിൽദാർ കുഞ്ഞിക്കണ്ണൻ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എസ് ലക്ഷ്മി ദേവി, എംപ്ലോയ്‌മെന്റ് ഓഫീസർ കെ ഗീതാകുമാരി തുടങ്ങിയവർ സംബന്ധിച്ചു.