കാസർകോട്: വീണ് തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പതിനെട്ടുകാരനും ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബദിയടുക്ക നീർച്ചാൽ ടൗൺ അധികൃതർ അടച്ചുപൂട്ടി. സ്
ഥിരമായി മംഗളുരുവിൽ പോയിവന്നിരുന്ന യുവാവ് കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. ബദിയടുക്ക ടൗണിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ചികിത്സ തേടിയത്. അതിനിടെ കഴിഞ്ഞദിവസം വീട്ടിൽ വെച്ച് വീണതിനെ തുടർന്ന് യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയ്ക്കിടെ എടുത്ത സ്രവപരിശോധനാ ഫലം വന്നപ്പോൾ ഇയാൾക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മാതാവും പിതാവും ബന്ധുക്കളും ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധിച്ചപ്പോൾ ഇവരിൽ പലർക്കും രോഗം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നീർച്ചാൽ ടൗൺ ജില്ലാ ഭരണകൂടം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. ബദിയടുക്കയിലെ രണ്ടു സ്വകാര്യ ആശുപത്രികൾ പൂട്ടി. ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിലാക്കി.
രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ ഒന്നിടവിട്ട ദിവസങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകി. ബസ് നിർത്തി ആളെ കയറ്റാനും ഇറക്കാനും പാടില്ല. ഏഴു ദിവസത്തേക്കാണ് നിയന്ത്രണം.