കാഞ്ഞങ്ങാട്: പൂർണ്ണമായും മീൻപിടുത്തം നിരോധിച്ചതോടെ കടലോര മേഖലയിൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക്. ചില വീടുകളിൽ നിത്യരോഗികളും മരുന്നു വാങ്ങേണ്ടേ വരുമുണ്ട്. വീട്ടിലേക്ക് വേണ്ടുന്ന മറ്റു അത്യവശ്യസാധനങ്ങളെല്ലാം തീർന്നിട്ട് ദിവസങ്ങളായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചിലയിടങ്ങളിൽ കൊച്ചു വീടുകളിൽ കുട്ടികളടക്കം പത്തും പതിനഞ്ചും പേരാണ് കഴിയുന്നത്. കൊവിഡ് സമ്പർക്കവ്യാപന ഭീഷണി വർദ്ധിച്ചതോടെയാണ് എല്ലാത്തരത്തിലുമുള്ള കടൽ മത്സ്യബന്ധനവും നിരോധിച്ചത്.
ജൂൺ ഒമ്പതിന് ട്രോളിംഗ് നിരോധിച്ചതോടെ യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെല്ലാം തൊഴിലില്ലാതെ വീട്ടിലുമാണ്. പരമ്പരാഗത വള്ളക്കാർ, വീശുവലക്കാർ, കട്ടമരക്കാർ എന്നിവർ മാത്രമാണ് കടലിൽ പൊയ്‌ക്കൊണ്ടിരുന്നത്. വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്ന വിൽപ്പനക്കാരടക്കം ആയിരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ലോക് ഡൗൺ തുടങ്ങിയതുമുതൽ അഞ്ചുമാസക്കാലമായി കടലോരമേഖല തുടരുന്ന പ്രതിസന്ധിയാണിത്. മത്സ്യമേഖലയ്ക്കായി സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണിവർ. വള്ളക്കാരും കട്ടമരക്കാരും അന്നന്നത്തെ അന്നത്തിനായിട്ടാണ് കടലിൽ പോകുന്നത്. വായ്പ നല്‍കുന്ന കാര്യത്തിൽ കടലോരമേഖലയോട് ധനകാര്യസ്ഥാപനങ്ങളും ബാങ്കുകാരും പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.