കണ്ണൂർ: പ്രണയഗീതമായി മലയാളികൾ താലോലിച്ച രമണൻ വെള്ളിത്തിരയിൽ വന്നതുപോലെ, രമണനെ സമ്മാനിച്ച ചങ്ങമ്പുഴയെ വെള്ളിത്തിരയിൽ കാണാനുള്ള തിരക്കഥയുമായി കാത്തിരിക്കുകയാണ് ബൽറാം മട്ടന്നൂർ. കാൽ നൂറ്റാണ്ട് കഴിഞ്ഞ കാത്തിരിപ്പ് ഒരിക്കൽ സഫലമാവുമെന്ന പ്രതീക്ഷയിലാണ് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത്.
1948ൽ 36ാം വയസിൽ മരിച്ച ചങ്ങമ്പുഴ ആരാധനാ ബിംബമായി 1994ൽ മനസ്സിൽ കുടിയേറുമ്പോൾ ബൽറാമിന് പ്രായം 31. അന്ന് തുടങ്ങിയ യാത്രകളിൽ മഹാകവിയുടെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ആഴത്തിൽ കടന്നുപോയി.
ഒഥല്ലോ എന്ന ദുരന്തനാടകത്തെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ പറിച്ചുനട്ട് കളിയാട്ടം സിനിമ സൃഷ്ടിച്ച ബൽറാം, ചങ്ങമ്പുഴയെ തന്റെ ഭാവനയിലേക്ക് ആദ്യം ആനയിച്ചത് രമണം എന്ന നോവലിലൂടെ. അതുതന്നെ നാടകമായി. പിന്നാലെ തിരക്കഥയും. മുൻവിധിയോടെ നിർമ്മാതാക്കൾ കൈമലർത്തി.
ഒടുവിൽ രമണം, രമണീയം എന്ന പേരിൽ പുസ്‌തകമാക്കി. സ്വന്തം ചെലവിൽ പ്രസിദ്ധീകരിച്ച 20 ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ കേരളത്തിലെമ്പാടും സഞ്ചരിച്ച് സൗജന്യമായി നൽകി. ഗ്രന്ഥങ്ങളെല്ലാം പാക്കേജായി വില നിശ്ചയിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ട് സിനിമ നിർമ്മിക്കാൻ ആലോചിച്ചു. ആറ് കോടിയുടെ ബഡ്ജറ്റും നിശ്ചയിച്ചു. സൂപ്പർതാരങ്ങൾ ഉൾപ്പടെ അഭിനയിക്കാമെന്ന് ഉറപ്പും നൽകി. പക്ഷേ, എങ്ങും എത്തിയില്ല.
കളിയാട്ടത്തിനു ശേഷം കർമ്മയോഗി, സമവാക്യം തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥയെഴുതി.വേറെ മുപ്പതോളം തിരക്കഥകളും കണ്ണൂർ നാറാത്തെ വീടിന്റെ അലമാരയിലുണ്ട്.
തെരുവിൽ കേട്ട രമണൻ
കടത്തിണ്ണയിലിരുന്ന് ഭ്രാന്തൻ രമണനിലെ വരികൾ ചൊല്ലുന്നത് കേട്ടാണ് ബൽറാം ചങ്ങമ്പുഴയുടെ നാടായ എറണാകുളത്തെ ഇടപ്പള്ളിയിലേക്ക് പോയത്. സഹോദരൻ ചങ്ങമ്പുഴ പ്രഭാകരനെയാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നെ ഭാര്യ ശ്രീദേവി, മക്കളായ ലളിത, ശ്രീകുമാർ.