കാഞ്ഞങ്ങാട്: പ്രായാധിക്യം മൂലം കഷ്ടപ്പെടുന്ന അച്ഛനെ സ്വീകരിക്കാൻ മക്കൾ വിസമ്മതിച്ചതോടെ തായന്നൂർ, എണ്ണപ്പാറ കുറ്റിയടുക്കത്തെ ആദിവാസി ഊരിലെ എം.എൽ.എ തുരുമ്പൻ എന്ന രാഘവന് തുണയായി ഊരുനിവാസികൾ.
ചുറ്റും കാടുമൂടിക്കിടക്കുന്ന കോൺക്രീറ്റ് വീട്ടിൽ മഴവെള്ളം കയറി നനഞ്ഞ തറയിൽ ഒരു കീറപ്പായയിലായിരുന്നു ഇയാൾ കഴിഞ്ഞു വന്നത്. വീട്ടിനകത്ത് ഇഴജന്തുക്കൾക്ക് കയറാൻ കഴിയുന്ന തരത്തിൽ മാളങ്ങളുമുണ്ടായിരുന്നു. വാതിലോ, ജനാലകളോ, കുടിവെള്ളമോ, വൈദ്യുതിയോ ഇല്ലാത്ത വീട്ടിൽ തനിച്ചു കഴിഞ്ഞിരുന്ന തുരുമ്പന് അയൽവാസി ശ്യാമളയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഇടയ്ക്കിടെ പുറത്തിറങ്ങി മറ്റു വീടുകളിൽ പോകാറുള്ള തുരുമ്പൻ കുറച്ച് ദിവസങ്ങളായി പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
ഇരുപത് വർഷത്തോളമായി കുറ്റിയടുക്കത്ത് താമസിച്ചു വരുന്ന തുരുമ്പന് ഇവിടെ മറ്റു ബന്ധുക്കളൊന്നുമില്ല. മടിക്കൈ. എളേരി പഞ്ചായത്തുകളിൽ മക്കളുണ്ടെങ്കിലും അച്ഛനെ സംരക്ഷിക്കാൻ തയാറായില്ല.
തുടർന്ന് ഊരിലെ അയൽവാസികൾ ഏതെങ്കിലും അഗതിമന്ദിരത്തിലേക്ക് മാറ്റാൻ ആലോചിച്ചെങ്കിലും കൊവിഡ് 19 ന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ അതു നടന്നില്ല. ഇതോടെയാണ് അതേ വീട്ടിൽ തന്നെ സൗകര്യമൊരുക്കുകയായിരുന്നു. കെ.രതീഷ്, അജേഷ്, അമ്പു, വിജയ്, കല്ലളൻ, രാജേഷ് വേങ്ങച്ചേരി, ശശി, ബേബി, വിഷ്ണു, ബിയാളൻ, രാജു, ശരത് എന്നീ യുവാക്കൾ വീടും പരിസരവും വൃത്തിയാക്കി. എച്ച്.ആർ.പി.എം സംസ്ഥാന പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് ടി.എം ചാരിറ്റബിൾ ട്രസ്റ്റ് ഇവർക്കാവശ്യമായ കട്ടിൽ, കിടക്ക, എമർജൻസി ലൈറ്റ് എന്നിവ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ, മെമ്പർ സജിതാ ശ്രീകുമാർ, പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ, അസി. സെക്രട്ടറി അതീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി.
തുരുമ്പൻ മൂപ്പന്റെ ഇനിയുള്ള മുഴുവൻ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നൽകാൻ തയാറായി തായന്നൂരിലെ ഡ്രീം ഇന്റീരിയൽ ഉടമ നൗഷാദും മുന്നോട്ടു വന്നു.