നീലേശ്വരം: തറക്കല്ലിടലിൽ ഒതുങ്ങിപ്പോയ യോഗ ആൻഡ് നാച്ചുറോപ്പതി ആശുപത്രിയുടെ വഴിയിൽ കിനാനൂർ കരിന്തളത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളും. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠിക്കാനും കായിക വിദ്യാഭ്യാസത്തിനുമായി കേന്ദ്രസർക്കാർ സംസ്ഥാനത്ത് അനുവദിച്ച സ്‌കൂളാണ് കിനാനൂർ കരിന്തളം പഞ്ചായത്തിന് അനുവദിച്ച് കിട്ടിയത്. ഇതിനായി 15 ഏക്കർ സ്ഥലം കരിന്തളം പഞ്ചായത്ത് കാര്യാലയത്തിന് തെക്ക് ഭാഗത്തായി 2019 ഫെബ്രുവരി മാസത്തിൽ തന്നെ റവന്യു വകുപ്പ് കൈമാറിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സ്‌കൂളിന് അംഗീകാരം നൽകാത്തതാണ് ഇപ്പോൾ തടസമായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സ്‌കൂളിന്റെ ഫയൽ സർക്കാർ അനുവാദവും കാത്ത് കിടക്കുകയാണ്.

സ്‌പോർട്സ് ഹോസ്റ്റലും ആധുനിക രീതിയിലുള്ള മൈതാനവുമടക്കമുള്ള സംവിധാനത്തോടെയാണ് ഇവിടെ സ്‌കൂൾ തുടങ്ങാനുദ്ദേശിച്ചിരുന്നത്. അതിനിടയിൽ വകുപ്പ് മന്ത്രി ഏറ്റവും കൂടുതൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ മന്ത്രിയുടെ ജില്ലയിലാണെന്ന് പറഞ്ഞ് സ്‌കൂൾ പാലക്കാട് ജില്ലയിലേക്ക് പറിച്ചുനടാനുള്ള ശ്രമവും നടത്തുകയുണ്ടായി. വയനാട് ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പട്ടികജാതി, പട്ടികവർഗ്ഗ മേഖല ഇപ്പോൾ കാസർകോട് ജില്ലയിലാണെന്ന് ചൂണ്ടിക്കാട്ടി കിനാനൂർ കരിന്തളം പഞ്ചായത്ത് അധികൃതർ ഇതിനു തടയിടുകയായിരുന്നു.

കേന്ദ്ര സർക്കാർ സംസ്ഥാനത്ത് അനുവദിച്ച സ്‌കൂൾ കാലാകാലങ്ങളായി സി.പി.എം ഭരിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിൽ, സംസ്ഥാന ഭരണമുണ്ടായിട്ടും നടപ്പാക്കാൻ പറ്റാത്തതിൽ ഒരു വിഭാഗം അണികളിലും അമർഷമുണ്ട്.