sujeesh
സുജീഷിന്റെ പതിക്കാലിലെ വീട്

പതിക്കാൽ (കാസർകോട് ): എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ചെറുവത്തൂർ പതിക്കാലിലെ എം.സുജീഷും കുടുംബവും. ഒരു കുടം വെള്ളമെടുക്കണമെങ്കിൽ,​ ഒന്ന് പുറത്തിറങ്ങണമെങ്കിൽ തോണി കൊണ്ടുവരണമെന്ന അവസ്ഥ. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുമെന്ന് പറയാതെ വാങ്ങിയ സ്ഥലത്ത് വച്ച വീട്ടിൽ പരിഹാരത്തിന് ആരെ ആശ്രയിക്കണമെന്നറിയാതെ ഉഴലുകയാണ് ഈ കുടുംബം.

പൂഴിത്തൊഴിലാളിയായതിനാൽ സുജീഷിന് അതിരാവിലെ ഇറങ്ങണം. ഭാര്യ നെല്ലിക്കാൽ സ്‌കൂളിലെ അദ്ധ്യാപിക സജിനയും ആറു വയസുകാരിയായ മകളും വീട്ടിനുള്ളിൽ തന്നെ കുടുങ്ങി കഴിയുകയാണ്.മഴയ്ക്ക് ശക്തി കൂടിയാൽ വീടിന്റെ അകത്തേക്ക് വരെ വെള്ളം കയറും. പഞ്ചായത്ത് പൈപ്പിൽ നിന്നും കുടിവെള്ളം എടുക്കാൻ കുറേ ദൂരം വെള്ളത്തിലൂടെ നടക്കണം. പുറത്തേക്ക് ഇറങ്ങാൻ പതിക്കാൽ റോഡിൽ എത്തണമെങ്കിലും തോണി ഇറക്കേണ്ട സ്ഥിതി. വെള്ളം കയറുന്നത് തടയാൻ അടുത്ത പറമ്പിന്റെ ഉടമയോട് മണ്ണിട്ട് ഉയർത്താൻ സുജീഷ് പലപ്രാവശ്യം ആവശ്യപ്പെട്ടതാണ്. ചെവികൊണ്ടില്ലെന്ന് മാത്രം. മണ്ണിടുന്നില്ലെങ്കിൽ ഒന്നോ രണ്ടോ സെന്റ് സ്ഥലം വിലക്ക് നൽകിയാൽ താൻ മണ്ണിട്ടോളാമെന്ന നിർദേശവും വച്ചു. അതും അയൽവാസി കേൾക്കാൻ തയ്യാറാകാതെ വന്നതോടെ ഈ കുടുംബം തീർത്തും വെള്ളത്തിന്റെ 'ലോക്ക് ഡൗണി'ലായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. പ്രമീളയും സ്ഥലത്തെ സി പി എം നേതാക്കളും ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്ന് സുജീഷ് പറയുന്നു. വേനൽക്കാലത്ത് മാത്രമാണ് ഈ വീട്ടിൽ ഇവർക്ക് സ്വസ്ഥമായി അന്തിയുറങ്ങാൻ കഴിയുന്നത്. തുരുത്തി ഓർക്കുളം സ്വദേശിയായ സുജീഷും കുടുംബവും അഞ്ച് വർഷം മുമ്പാണ് ഈ വീട് വിലക്ക് വാങ്ങി താമസം തുടങ്ങിയത്. വെള്ളക്കെട്ടും വഴിപ്രശ്നവും തീർത്തുതരാമെന്ന ഉറപ്പിലാണ് വാങ്ങിയതെങ്കിലും പിന്നീട് സ്ഥലം നൽകിയവർ കാലുമാറി. കഴിഞ്ഞ പ്രളയകാലത്ത് ഓർക്കുളത്തെ വീട്ടിലേക്ക് താമസം മാറിയാണ് കുടുംബം രക്ഷനേടിയത്.