കണ്ണൂർ:തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ജീവനക്കാർക്ക് തുല്യമായി സേവനവേതന വ്യവസ്ഥകൾ ചിട്ടപ്പെടുത്തണമെന്ന ഹൈക്കോടതിവിധി ഇനിയും നടപ്പാക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമനം നടപ്പിലാക്കണമെന്നതടക്കമുള്ള പതിമൂന്നിന നിർദ്ദേശങ്ങൾ സമ്പൂർണമായി നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറായില്ലെന്നാണ് ഇവരുടെ ആരോപണം.
1994- ജൂലായ് 21 നാണ് മലബാർ ക്ഷേത്ര ജീവനക്കാരെ സംബന്ധിച്ച ഹൈക്കോടതി വിധി വന്നത്.തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡുകൾക്ക് സമാനമായി മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ച് ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകൾ ഏകീകരിച്ചു നടപ്പിലാക്കാനും തുടർന്ന് സംസ്ഥാനത്ത് ഏകീകൃതദേവസ്വം നിയമം നടപ്പിലാക്കണമെന്നും തുടങ്ങിയ മുഖ്യമായ 13 - നിർദ്ദേശങ്ങളാണു കോടതി ഉത്തരവിൽ ഉണ്ടായത്. എന്നാൽ കോടതിയലക്ഷ്യം ഒഴിവാക്കാൻ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെന്നല്ലാതെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ തുല്യ നീതി നടപ്പിലാക്കാനോ സർക്കാർ തയ്യാറായിട്ടില്ല.
സമഗ്ര മലബാർ ദേവസ്വം നിയമം കൊണ്ടുവരാൻ സർക്കാർ നിയമിച്ച മൂന്ന് അംഗ കമ്മീഷൻ റിപ്പോർട്ടും സർക്കാർ നടപ്പിലാക്കിയിട്ടില്ല.
26ാം വാർഷികം പ്രതിേഷേധ ദിനം
ഹൈക്കോടതി ഡിവിഷൻ ബഞ്ച് സുപ്രധാന വിധി പ്രസ്താവിച്ചതിന്റെ 26-ാംമത് വാർഷിക ദിനമായ നാളെ കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ളോയീസ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ പ്രതിഷേധ ദിനമായി ആചരിക്കും.മലബാർ ദേവസ്വം ജീവനക്കാർ കറുത്ത മാസ്ക് ധരിച്ച് ക്ഷേത്രങ്ങളിൽ ജോലി ചെയ്യും. തുടർന്ന് പ്രധാന ക്ഷേത്രം കേന്ദ്രീകരിച്ച് കൂട്ട പ്രാർത്ഥന നടത്തുകയും ചെയ്യും