രാജപുരം(കാസർകോട്): കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. പോക്സോ കേസിൽ കോടതി റിമാൻഡ് ചെയ്ത മാലോം ചുള്ളിയിലെ ഷൈജു ദാമോദരൻ (38) ആണ് പുടംകല്ല് താലൂക്കാശുപത്രിയിൽ റിമാൻഡ് പ്രതികളെ താമസിപ്പിക്കുന്ന സെല്ലിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇലക്ട്രിക്കൽ ജോലി വശമുള്ള പതിനാറുകാരനെ ടി.വി നന്നാക്കാനാണെന്നു പറഞ്ഞ് ജൂലായ് 13ന് ഷൈജു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ പരാതിയിൽ 14 ന് ഉച്ചയോടെ വെള്ളരിക്കുണ്ട് പൊലീസ് ഇയാളെ അറസ്റ്റുചെയ്യാനെത്തിയപ്പോൾ കഴുത്തും കൈ ഞരമ്പും മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഉടൻ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു.സ്രവം എടുത്തതിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി പൂടംകല്ല് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ ജയിലിലേക്ക് മാറ്റാനിരിക്കെയായിരുന്നു സംഭവം. രാജപുരം പൊലീസും ജയിൽ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.