കാഞ്ഞങ്ങാട്: ഗ്രാമീണ മേഖലയിലെ ഫെയർ സ്റ്റേജ് അപാകതകൾ പരിഹരിക്കാതെ ബസ് ചാർജ്ജ് വർദ്ധിപ്പിച്ചത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. പല റൂട്ടുകളിലും ന്യായമായ നിരക്കിനേക്കാൾ 50 ശതമാനം വരെ കൂടുതൽ തുക നല്കേണ്ടിവരികയാണ് യാത്രക്കാരെന്നാണ് പറയുന്നത്.

കാഞ്ഞങ്ങാട് നഗരസഭയോട് ചേർന്ന ഗ്രാമങ്ങളിലെ വിവിധ റൂട്ടുകളിലെല്ലാം ഫെയർ സ്റ്റേജിൽ വൻ അന്തരം നിലനിൽക്കുന്നതായി പറയുന്നു. നഗരത്തിൽ നിന്നും 15 കിലോ മീറ്റർ മാത്രം അകലെയുള്ള മടിക്കൈ കാരാക്കോടേക്ക് 22.5 കിലോ മീറ്ററിന്റെ നിരക്കാണ് ഈടാക്കുന്നത്. ഇവിടേക്ക് ഫെയർ സ്റ്റേജ് നിർണയിച്ച് മുപ്പത് വർഷമെങ്കിലും ആയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സർവീസ് ആരംഭിക്കുന്ന കാലത്ത് ടാറിംഗ് റോഡ് ഉണ്ടായിരുന്നില്ല. ഇതാണ് അൻപത് ശതമാനത്തിലേറെ ചാർജ്ജ് പെരുപ്പിച്ച് ഫെയർ സ്റ്റേജ് നിശ്ചയിച്ചതത്രെ. എന്നാലിപ്പോൾ ആദ്യത്തെ 11 കിലോ മീറ്രർ ദൂരം വരെയും മെക്കാഡം ടാറിംഗ് നടത്തി. അവശേഷിക്കുന്ന നാല് കിലോ മീറ്റർ സമനിരപ്പായ സോളാർ പാർക്കിന് ഇടയിലൂടെയാണ്.

കാരാക്കോടേക്കുള്ള സ്റ്റേജ് പുതുക്കിയാൽ മൂന്ന് സ്റ്റേജും ഏഴ് രൂപയും കുറയും. 2002ൽ ഈ റൂട്ടിൽ പുതുതായി പെർമിറ്റ് അനുവദിച്ച ബസിന് കാഞ്ഞങ്ങാട് നിന്നും കാരാക്കോട് വരെയുള്ള റണ്ണിംഗ് ടൈം 38 മിനിട്ടാണ് നല്കിയത്. 2.5 മിനിറ്റ് കണക്കാക്കിയാൽ പോലും 15 കിലോ മീറ്ററേ വരൂ.

നിർദ്ധനരുടെ പോക്കറ്റ് ചോരുന്നു

പട്ടിക വിഭാഗങ്ങൾ,​ ഏറേ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന മേഖലയാണ് കാരാക്കോടും പരിസരവും. ഇവിടത്തെ യുവതികളിൽ പലരും കാഞ്ഞങ്ങാട് നഗരത്തിലെ തുണിക്കടകളിലടക്കം ജോലി ചെയ്യുന്നു. 7000 രൂപയാണ് ചിലർക്ക് മാസവേതനം. ഇവർക്ക് മാസം 1300 രൂപ ബസ് ചാർജ്ജായി മാറ്റിവയ്ക്കണം. കൃത്യമായി സ്റ്റേജ് നിശ്ചയിച്ചാൽ ഇത് 950 രൂപയിൽ ഒതുങ്ങും.

പരാതികൾക്ക് ഇതെന്തുപറ്റി?​

പരാതികൾ അനവധിയായി നല്കിയെങ്കിലും ഇക്കാര്യത്തിൽ നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്നാണ് ബസ് യാത്രക്കാരുടെ ചോദ്യം. മടിക്കൈ കാഞ്ഞിരപൊയിലിലേക്കുള്ള സ്റ്റേജ് കൂടുതലാണെന്ന് മോട്ടോർ വാഹന വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. നടപടിയില്ലാത്തതോടെ വിജിലൻസ് 2015 ആഗസ്റ്റ് 22 ന് സർപ്രൈസ് ചെക്കിംഗ് നടത്തി. ട്രാൻസ്പോർട്ട് കമ്മിഷണർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരമേഖല എന്നിവരോട് വിവരങ്ങൾ ആരാഞ്ഞു.

ഫെയർ സ്റ്റേജ് പുതുക്കി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒയെ നിശ്ചയിച്ചു. കാഞ്ഞിരപൊയിൽ റൂട്ടിലേക്കുള്ള ഒരു സ്റ്റേജ് കുറക്കാനുള്ള ശുപാർശ ഇവർ 2018 ഏപ്രിൽ 10ന് ആർ.ടി.എ ബോർഡ് യോഗത്തിൽ സമർപ്പിച്ചു. എന്നാൽ അമന്റിംഗ് കമ്മിറ്റിയ്ക്കാണ് അധികാരമെന്ന് ഹൈക്കോടതി വിധിയുള്ളതായി കാട്ടി നിർദ്ദേശം മാറ്റിവയ്ക്കുകയായിരുന്നു.

കാഞ്ഞങ്ങാട് - കാരാക്കോട് ദൂരം 15 കിലോമീറ്റർ

നിരക്ക് 26 രൂപ

ഫെയർ സ്റ്റേജ് പുതുക്കിയിരുന്നുവെങ്കിൽ 19 രൂപ മതി

കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം ദൂരം 20 കിലോമീറ്റർ

നിരക്ക് 24 രൂപ

കയറ്റങ്ങൾ കയറി 9 കിലോമീറ്റർ ഓടണം