തൃക്കരിപ്പൂർ: കൊയോങ്കര പാടശേഖരത്തിൽ കർഷകരുടെ കണ്ണീരുണങ്ങുന്നു. പാടശേഖര സമിതിയുടെ പരിധിയിലുള്ള വിശാലമായ കൃഷിയിടത്തിൽ പൂർണമായ കൃഷി ചെയ്യാൻ പലപ്പോഴും പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പരിഹാരമാവുകയാണ്. ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശത്തിനും വരൾച്ച മൂലമുള്ള കൃഷിനാശത്തിനും പരിഹാരം കാണും.

കുണിയൻ പുഴയ്ക്ക് കുറുകെ മൈനർ ഇറിഗേഷൻ വകുപ്പ് ക്രോസ് ബാർ അനുവദിച്ചത് ഉപ്പുവെള്ളത്തിന് പരിഹാരമായാണ്. അതിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. ഇതോടൊപ്പം പാടശേഖരത്തോട് ചേർന്നുള്ള അഞ്ചോളം കുളങ്ങൾ നവീകരിച്ച് പമ്പ് ഹൗസുകൾ നിർമ്മിക്കാനും മലബാർ കൈപ്പാട് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പദ്ധതികൾ സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ക്രോസ് ബാർ പൂർത്തിയാകുന്നതോടെ ഉപ്പുവെള്ളം കയറുന്നത് നിലയ്ക്കും. വേനൽക്കാലത്തെ തരിശിടലിനും കുളങ്ങൾ ശുചീകരിച്ച് ജലസേചന സൗകര്യമൊരുക്കുന്നതോടെ പരിഹാരമാകും.

മലബാർ കൈപ്പാട് ഫാമിംഗ് സൊസൈറ്റിക്ക് മുമ്പാകെ പാഠ ശേഖരസമിതി സമർപ്പിച്ച പദ്ധതികളുടെ പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർ എത്തിയത്.

കുണിയൻ പുഴക്ക് കുറുകെ ക്രോസ് ബാർ പണിതാൽ കൊയോങ്കര പാട ശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് പൂർണ്ണമായും തടയാൻ കഴിയും. എന്നാൽ മഴക്കാലമൊഴികെയുള്ള കാലത്ത് രണ്ടാംവിള, മൂന്നാം വിളകൃഷി ചെയ്യാനായി ജലസേചന സൗകര്യം കൂടി ഒരുക്കിയാൽ മാത്രമേ ക്രോസ് ബാർ കൊണ്ടുള്ള ഗുണം കർഷകർക്ക് ലഭിക്കയുള്ളൂ. എടാട്ടുമ്മൽ കിഴക്ക്, കൊയോങ്കര, വൈക്കത്ത് തുടങ്ങിയവിടങ്ങളിലായുള്ള പായലും ചെളിയും നിറഞ്ഞ അഞ്ചോളം കുളങ്ങൾ നവീകരിച്ച് ജലസേചനം സാദ്ധ്യമാക്കിയാൽ വേനൽകാലത്തും കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന വയലുകളിൽ നിന്ന് ടൺ കണക്കിന് നെല്ല് കൊയ്തെടുക്കാൻ കഴിയും.

ടി. ധനഞ്ജയൻ,​ സെക്രട്ടറി കൊയോങ്കര പാഠ ശേഖരസമിതി