kadalpalam
കടൽപാലം

തലശേരി: 110 വർഷം പിന്നിടുമ്പോഴും തലയുയർത്തി നിൽക്കുന്ന തലശേരി കടൽപാലം സംരക്ഷിക്കുമെന്ന സർക്കാർ വാഗ്ദാനങ്ങൾ നടപ്പായില്ല.ഒരു കാലത്ത് കേരളത്തിലെ പ്രമുഖ തുറമുഖമായിരുന്ന തലശേരിയിലെ പ്രധാന ശേഷിപ്പ് കടലെടുത്ത് തീരാറായി. പാലത്തിന്റെ കാലുകളെല്ലാം തുരുമ്പെടുത്ത് തകർന്ന് കൊണ്ടിരിക്കുകയാണ്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഫലവത്തായില്ല. മതിൽ കെട്ടിയിരുന്നുവെങ്കിലുംം പാലം കാണാനെത്തിയവർ അതൊക്കെ തകർക്കുകയായിരുന്നു.

രണ്ടുമാസം മുമ്പ് എൻ.ഐ.ടി നടത്തിയ ഘടനാപരിശോധനാ റിപ്പോർട്ടിൽ നിലവിലുള്ള കടൽപാലം അപകടാവസ്ഥയിലാണെന്നായിരുന്നു റിപ്പോർട്ട്. നിലവിലുള്ള കടൽപാലം സംരക്ഷിക്കാനും പുതിയ കടൽപാലം നിർമ്മിക്കാനുമുള്ള സാദ്ധ്യതകൾ തേടി കേരള തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പാലം സന്ദർശിച്ചിരുന്നു.

പ്രതീക്ഷ തുറമുഖവകുപ്പിൽ

അപകടാവസ്ഥയിലായ തലശ്ശേരി കടൽപാലം സംരക്ഷിക്കാനുള്ള തുറമുഖ വകുപ്പിന്റെ നടപടികളിലാണ് ഇനി പ്രതീക്ഷ. നിലവിൽ അപകടാവസ്ഥയിലുള്ള പാലത്തിൽ നവീകരണം സാദ്ധ്യമല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഗോരക്പൂർ ഐ.ഐ.ടിയിലെ സംഘത്തിനെ ഇതിന്റെ സാദ്ധ്യത പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കയാണ് മാരിടൈം ബോർഡ്. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി പാലം സംരക്ഷിച്ചു നിർത്താനുള്ള ആലോചനയിലാണ് അധികൃതർ. സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫ്ളോട്ടിംഗ് റസ്റ്റോറന്റ് തുടങ്ങാൻ ഗോവയിലെ ചില വൻകിടകമ്പനികൾ നേരത്തെ മുന്നോട്ടുവന്നിരുന്നു.

ചരിത്രം കടന്ന പാലം

ഈസ്റ്റ് ഇന്ത്യ കമ്പനി കപ്പലിലേക്ക് ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടിയായിരുന്നു കടൽപാലം നിർമ്മിച്ചത്. ഒരുകാലത്ത് തലശ്ശേരി കടൽവഴിയുള്ള ചരക്കുനീക്കങ്ങളുടെ കേന്ദ്രമായിരുന്നു ഇത്. പിന്നീട് കാലപ്പഴക്കത്താലും കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും പാലം അപകടാവസ്ഥയിലായി.