കാഞ്ഞങ്ങാട്: അലാമിപ്പള്ളി - കൂളിയങ്കാൽ റോഡിൽ ലക്ഷ്മി നഗർ തെരുവത്ത് അറയിൽ ഭഗവതി ദേവാലയത്തിലും ചെറുവത്തൂർ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിലും മോഷണശ്രമം. അറയിൽ ദേവസ്ഥാനത്ത് ശ്രീകോവിലിന്റെ പൂട്ടു തകർത്ത നിലയിലാണ്. ഭണ്ഡാരത്തിന്റെ ആദ്യ പൂട്ട് തകർത്ത മോഷ്ടാവ് രണ്ടാമത്തെ പൂട്ട് പൊളിക്കാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം .ഹൊസ്ദുർഗ് എസ് ഐ കെ പി വിനോദ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോട് നിന്ന് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി.
ക്ഷേത്രം സെക്രട്ടറി എൻ.വിജയന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സി.സി ടി.വി ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ചന്തേര പൊലീസ് പരിശോധിച്ചുവരികയാണ്. ജൂലായ് 13ന് രാത്രി ചിത്താരി മല്ലികാർജുന ക്ഷേത്രത്തിൽ നിന്ന് പഞ്ചലോഹ വിഗ്രഹവും പണവും മോഷണം പോയിരുന്നു. അന്ന് രാത്രി തന്നെ കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് സമീപത്തുള്ള ഭണ്ഡാരവീട്ടിൽ ഭണ്ഡാരം മോഷണം പോയിരുന്നു.