കണ്ണൂർ: കൊവിഡ് കാലത്ത് സുരക്ഷ മുൻനിർത്തി തടവുകാരെ കാണാനെത്തുന്ന ബന്ധുക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. കൂടിക്കാഴ്ചയ്ക്ക് വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകി. പരോളിൽ പോയ തടവുകാർ തിരിച്ചുവരുന്ന മുറയ്ക്ക് ഈ സംവിധാനം നടപ്പിലാക്കണമെന്നും നിർദേശമുണ്ട്. ആഗസ്റ്റ് 15ന് ജയിലുകളിൽ തിരികെ എത്തണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇതോടെ ഇന്ത്യയിൽ ആദ്യമായി വീഡിയോ കോൺഫറൻസ് വഴി തടവുകാരുടെ കൂടിക്കാഴ്ച ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറും. മൂന്നു മാസത്തേക്കാണ് പരീക്ഷണമെന്ന നിലയിൽ വീഡിയോ കോൺഫറൻസ് ഏർപ്പെടുത്തുന്നതെങ്കിലും തുടർന്നങ്ങോട്ട് പഴയ രീതിയിലുള്ള കൂടിക്കാഴ്ച ഒഴിവാക്കണമെന്ന നിലപാടാണ് ജയിൽ വകുപ്പിനുള്ളത്.
നേരിൽ കാണാൻ വരുന്ന സന്ദർശകർ തടവുകാർക്ക് മദ്യം, സിഗരറ്റ്, മറ്റു നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കൈമാറുന്നുണ്ടെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതു തടയാൻ പുതിയ സംവിധാനത്തിനു കഴിയുമെന്നു ജയിൽ വകുപ്പ് കരുതുന്നു. നിലവിൽ കോടതികളിൽ തടവുകാരുടെ വിചാരണ നടപടികൾ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് നടത്തുന്നത്. സംസ്ഥാനത്തെ മിക്ക ജയിലുകളിലും ഏറെക്കുറെ ഫലപ്രദമായാണ് ഈ നടപടികൾ നിർവഹിക്കുന്നത്.
തടവുകാരെ കാണാൻ
തടവുകാരുടെ മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവർക്കാണ് കൂടിക്കാഴ്ച അനുവദിക്കുക. ഇവർ തലേദിവസം ഇതിനായി അപേക്ഷ നൽകണം. അഞ്ചു മിനുട്ട് മാത്രമാണ് കൂടിക്കാഴ്ച. ഇവരുടെ റജിസ്റ്റർ ജയിൽ സൂപ്രണ്ടുമാർ സൂക്ഷിക്കണം. മാസത്തിൽ ഒരു തവണ മാത്രമെ അനുവദിക്കുകയുള്ളൂ.